തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് അണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത്. അടുത്ത 5 വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന സമഗ്ര വികസനങ്ങളുടെ കൃത്യമായൊരു ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു.
പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂവരവ് 1,69,646.37 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്; എന്നാൽ റവന്യൂ ചെലവ് 2,05,001.61 കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടെ റവന്യൂ കമ്മി 35,355.30 കോടി രൂപയായിരിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായുള്ള മൂലധന ചെലവുകൾക്കായി 19,651.41 കോടി രൂപയും വായ്പകളും മുൻകൂറുകളും ഇനത്തിൽ തുക വകയിരുത്തിയ ശേഷം തനി ബാധ്യത 1,398.65 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.
ഇതുകൂടാതെ, സംസ്ഥാനത്തിന്റെ തനി പൊതുകടം 52,364.13 കോടി രൂപയും തനി പൊതു കണക്ക് 4,000 കോടി രൂപയുമാണ്. ഈ സാമ്പത്തിക വർഷത്തെ ആകെ ബജറ്റ് കമ്മി 41.23 കോടി രൂപയായിരിക്കുമെന്നാണ് സൂചന. വർഷാരംഭത്തിൽ -382.45 കോടി രൂപയായിരുന്ന രൊക്കബാക്കി (opening cash balance) വർഷാവസാനത്തോടെ -423.68 കോടി രൂപയായി മാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുതുതായി പ്രഖ്യാപിച്ച 1,080.95 കോടി രൂപയുടെ അധിക ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, വർഷാന്ത്യത്തിലെ ആകെ രൊക്കബാക്കി (closing cash balance) -1504.63 കോടി രൂപയായി വർദ്ധിക്കുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നത്.
ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 9ന് വീണ്ടും സമ്മേളിക്കും.


































