29.5 C
Kollam
Tuesday 8th September, 2026 | 04:42:51 PM
Home News Kerala ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. പനി, വയറിളക്കം, ഛര്‍ദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചവരെ 303 കുട്ടികളാണ് ബത്തേരിയിലെയും അമ്പലവയലിലെയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. നിലവില്‍ 70ഓളം കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളുടെ രക്ത, മല സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ചതോടെയാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികളും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട രക്ഷിതാക്കളും കടുത്ത ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല് മുതല്‍ 12 വയസ്സ് വരെയുള്ള 841 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളില്‍ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.