26.8 C
Kollam
Monday 10th August, 2026 | 12:06:26 PM
Home News Kerala മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌

മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌. മസാജ് സെന്റർ നടത്തിപ്പുകാരനും രണ്ട് ജീവനക്കാരികളുമാണ് പിടിയിലായത്. തിരൂർ എറ്റിരിക്കടവിലുള്ള ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചതിന് പരാതിക്കാരനെതിരെയും കേസെടുത്തു. തലക്കാട് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജിൽനിന്നാണ് ഒന്നര പവൻ സ്വർണമാലയും 28,500 രൂപയും രൂപയും ബൈക്കും കവർന്നത്. തിരൂർ എറ്റിരിക്കടവി‍ലെ ആയുർവേദ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു.

വസ്ത്രം മാറിയ ഉടനെ യുവാവിന്റെ ചിത്രം പകർത്തിയശേഷം 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നതോടെ, പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുത്തുവെന്നും യുവാവ് പരാതിയിൽ പറയുന്നു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ സൗദ് പത്തോളം കേസിലെ പ്രതിയാണെന്നും, മാലയും ബൈക്കും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.