28.6 C
Kollam
Wednesday 4th November, 2026 | 03:56:26 PM
Home News Breaking News കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

Advertisement

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. കെ എം എബ്രഹാം രാജിക്കത്ത് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് പുതിയ ചുമതല.

തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫിന്റെ കിഫ്ബിയോടുള്ള സമീപനം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. കിഫ്ബി വഴിയുള്ള ഫണ്ടിന്റെ വകമാറ്റം ഉള്‍പ്പെടെ പല തരത്തിലുള്ള ആരോപണങ്ങള്‍ കിഫ്ബി സിഇഒ അടക്കമുള്ളവര്‍ക്കെതിരെ യുഡിഎഫ് നേതാക്കള്‍ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ സൂപ്പര്‍ ചീഫ് സെക്രട്ടറി ചമയുന്നു എന്ന തരത്തിലും കെ എം എബ്രഹാമിനെതിരെ ആക്ഷേപം ഉണ്ട്. അതിനിടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ് എബ്രഹാമിന്റെ രാജി. കിഫ്ബിയില്‍ നിന്നും സിഇഒ ഉല്‍സാഹിച്ച് ഇരുനൂറ് കോടിയില്‍പരംരൂപ വായ്പയെടുത്താണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിക്കുള്ള വിശേഷ പിആര്‍ വര്‍ക്കും പരസ്യവും വാര്‍ത്തകളും നല്‍കിയതെന്ന് പുറത്തുനില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി അശോക് വാര്‍ത്താമാധ്യമത്തിലൂടെ ആരോപിച്ചതും ശ്രദ്ധേയമാണ്.

നിലവില്‍ ഒരുലക്ഷം കോടിയില്‍പ്പരം രൂപയുടെ കിഫ്ബി പദ്ധതികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാവി എന്താകും എന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കിഫ്ബി പദ്ധതികളെ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടതായി വരും. കിഫ്ബി വേണോ അതോ വേണ്ടെന്ന് വെക്കണോ എന്നതിനെ സംബന്ധിച്ച് അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തേക്കും.ഇതിനിടെയാണ് കെ എം എബ്രഹാമിന്റെ രാജി.