ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചരിത്രപരമായ പുതിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു സമയം ഇടതുകോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുന്നു. തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ താരോദയത്തിനും സാക്ഷിയായി. കേരളത്തില്‍ തുടര്‍ഭരണം നടത്തിയ, സിപിഎം നയിക്കുന്ന ഇടതുപക്ഷം അതിദയനീയ തിരിച്ചടി നേരിട്ടതും തെരഞ്ഞെടുപ്പ് ഫലത്തില്‍ ദൃശ്യമായി.
1977 ന് ശേഷം ഇതാദ്യമായിട്ടാണ്, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തു പോലും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സ്ഥിതി സംജാതമായിരിക്കുന്നത്. കേരളത്തില്‍ 1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സിപിഐ സര്‍ക്കാര്‍ രൂപീകരിച്ചു. രാജ്യത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നു ഇഎംഎസ്. ലോകത്തു തന്നെ ആദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടിയായിരുന്നു ഇഎംഎസ് സര്‍ക്കാര്‍.
എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ആ സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1964 ല്‍ സിപിഐ പിളര്‍ന്നു. പിന്നീട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. 1980 ന് ശേഷം കേരളത്തില്‍ അഞ്ചു വര്‍ഷം എല്‍ഡിഎഫ്, അടുത്ത അഞ്ചു വര്‍ഷം യുഡിഎഫ് എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നത്. 2021 ലെ തെരഞ്ഞെടുപ്പിലാണ് ആ പതിവ് ആദ്യമായി തെറ്റിക്കപ്പെടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി.
1977 ലാണ് പശ്ചിമ ബംഗാളില്‍ സിപിഎം അധികാരത്തിലെത്തുന്നത്. അത് ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിര്‍ണായക ചരിത്രമായി മാറി. 34 വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നു. ജ്യോതിബസുവായിരുന്നു ഭരണ തലപ്പത്ത്. പിന്നീട് ബുദ്ധദേബ് ഭട്ടചാര്യ അധികാരമേറ്റു. 11 വര്‍ഷം ബുദ്ധദേബ് മുഖ്യമന്ത്രിയായി തുടര്‍ന്നു.
മുതിര്‍ന്ന നേതാവ് നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ 1977 ലാണ് ത്രിപുരയില്‍ അധികാരത്തിലേറുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷം അധികാരം നേടി. എന്നാല്‍ 1988 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 1993 ല്‍ സിപിഎമ്മിന്റെ ദശരഥ് ദേബിന്റെ നേതൃത്വത്തില്‍ സിപിഎം അധികാരം തിരിച്ചു പിടിച്ചു. 1998 ല്‍ സിപിഎമ്മിലെ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി. തുടര്‍ച്ചയായ 5 വര്‍ഷമാണ് ഇടതുഭരണം തുടര്‍ന്നത്. മണിക് സര്‍ക്കാര്‍ നാലു ടേം മുഖ്യമന്ത്രിയായി.
20 വര്‍ഷത്തോളം മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്ന മണിക് സര്‍ക്കാരാണ്, ത്രിപുരയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്. 2026 ലെ തെരഞ്ഞെടുപ്പ് തോല്‍വിയോടെ, ബംഗാളിനും ത്രിപുരയ്ക്കും പുറമെ, കേരളവും അധികാരത്തില്‍ നിന്നും പുറത്തായി. ഇതോടെ രാജ്യത്ത് എങ്ങും സിപിഎം അധികാരത്തില്‍ ഇല്ലാത്ത അവസ്ഥയും നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, ഗുരുതരമായ തിരിച്ചടിയെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ സിപിഎം തന്നെ സ്വയംവിധിച്ച ചികില്‍സയായി ഈ പരാജയത്തെ വിലയിരുത്തുന്നവരുണ്ട്. ഇത്തവണകൂടി അധികാരത്തിലേറിയാല്‍ സിപിഎമ്മിനെ പിന്നീട് മ്യൂസിയത്തില്‍ നോക്കേണ്ടിവരുമായിരുന്നു എന്നും വിശദമായ പുനരുജ്ജീവനത്തോടെ സിപിഎം ശക്തമായി തിരിച്ചുവരുമെന്നും വലിയൊരുവിഭാഗം വിശ്വസിക്കുന്നു. ധാര്‍ഷ്ട്യത്തിന്‍റെയും അഹന്തയുടെയും അധികാരഭാവത്തിന്‍റെയും പരപുഛത്തിന്‍റെയും മുഖം മാറ്റിവച്ച് അക്രമവും മറ്റുള്ളവരുടെ ജനാധിപത്യ അവകാശങ്ങളെ അംഗീകരിക്കുന്ന മനസുമായി ജനങ്ങളിലേക്കിറങ്ങാമെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇക്കൂട്ടരെ നിലവിലെ നേതൃത്വം ഇല്ലായ്മചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണ്.



































