26.6 C
Kollam
Saturday 13th June, 2026 | 06:13:19 AM
Home News Breaking News കെപിസിസി നോട്ടീസിനെ തുടർന്ന് പ്രതികരണം: രമേശ് ചെന്നിത്തല ഫീച്ചർ വിവാദത്തിൽ വിശദീകരണവുമായി എ. പ്രിജിൻ ബാബു

കെപിസിസി നോട്ടീസിനെ തുടർന്ന് പ്രതികരണം: രമേശ് ചെന്നിത്തല ഫീച്ചർ വിവാദത്തിൽ വിശദീകരണവുമായി എ. പ്രിജിൻ ബാബു

Advertisement

തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയുടെ ഫുൾ പേജ് ഫീച്ചർ നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടിയുള്ള കെ പി സി സി നോട്ടീസിനോട് പ്രതികരിച്ച് ഡി സി സി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു. പണം നൽകി കൊടുത്ത പരസ്യമല്ലെന്നും പാർട്ടിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ഡി സി സി ജനറൽ സെക്രട്ടറി വിശദീകരിച്ചു.

പത്രത്തിൽ ഫീച്ചർ വന്നതിന് പിന്നാലെ രമേശ്‌ ചെന്നിത്തല വിളിച്ചിരുന്നെന്നും ഈ സമയത്ത് ഫീച്ചർ വന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചെന്നും പ്രിജിൻ ബാബു വ്യക്തമാക്കി. അതേസമയം കടുത്ത അച്ചടക്ക ലംഘനമാണ് പ്രിജിൻ ബാബു നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രത്തിൽ ഫീച്ചർ നൽകിയതിൽ കെ പി സി സി വിശദീകരണം തേടിയത്. കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായാണ് പ്രിജിൻ ബാബു പ്രവർത്തിച്ചതെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എ ഐ സി സിയും കെ പി സി സിയും നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് കെ പി സി സി വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം കെ പി സി സി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെ പി സി സി അറിയിച്ചു.

Advertisement