അപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പുണ്യം മാത്രമല്ല ഇനി ചില്ലറയും തടയും

കോഴിക്കോട്.അപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനവുമായാണ്
കോഴിക്കോട് സിറ്റി പൊലീസും ലയൺസ് ക്ലബ്ബും രംഗത്തുള്ളത്. ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള ഫോട്ടോയും വിശദാംശങ്ങളും വാട്സ് ആപ്പ് അയച്ചാൽ ഉടൻ തന്നെ പാരിതോഷികമായി 500 രൂപ ഓൺലൈൻ വഴി ലഭിക്കുന്നതാണ് പദ്ധതി . പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ നിർവഹിച്ചു.

ഓരോ ദിവസവും റോഡുകളിൽ പൊലിയുന്നത് അനേകം ജീവനുകളാണ്. അതിലേറെപ്പേർക്ക് അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും അപകടത്തിൽ പെട്ടവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനാകാത്തതാണ് മരണത്തിന് കാരണമാകുന്നത്. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ സുരക്ഷിതമായി എത്തിക്കുക എന്നത് ഓരോരുത്തരുടെ കടമയാണെങ്കിലും സാമ്പത്തികവും നിയമപരവുമായ ബാധ്യതയെ കുറിച്ച് ആലോചിച്ച് പലരും അതിന് തയ്യാറാവാറില്ല. ഈ സാഹചര്യത്തിലാണ് ജീവൻ രക്ഷിക്കുന്നവർക്ക് പ്രോൽസാഹനം എന്നോണം ഗുഡ് സമരിറ്റൻ അവാർഡ് നൽകാൻ കോഴിക്കോട് സിറ്റി പൊലീസും ലയൺസ് ക്ലബ്ബും സംയുക്തമായി തീരുമാനിച്ചത്. അപകടത്തിൽ പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 500 രൂപ വീതം പാരിതോഷികം നൽകുന്ന പദ്ധതിയാണിത്.

ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള ഫോട്ടോ, അപകടം സംഭവിച്ച ആളുടെയും എത്തിച്ച വ്യക്തിയുടെയും വിശദാംശങ്ങൾ എന്നിവ 8590965259 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചാൽ ഉടൻ തന്നെ 500 രൂപ പാരിതോഷികമായി ഓൺലൈൻ വഴി ലഭിക്കും. ലയൺസ് ക്ലബ്ബാണ് ഇതിനാവശ്യമായ ഫണ്ട് നൽകുന്നത്.

Advertisement