രാമനാണീ നാടിന്‍റെ ഐശ്വര്യം

കണ്ണൂർ, ചെറുപുഴ കാനംവയലില്‍ കാട് വിട്ടിറങ്ങി നാട്ടിൽ സ്ഥിരതാമസമാക്കിയ ഒരാളുണ്ട്. ഹനുമാൻ കുരങ്ങിൻ്റെ വിശേഷങ്ങളാണിനി. കുട്ടികളടക്കുള്ള ഗ്രാമവാസികളുമായി ചങ്ങാത്തം സ്ഥാപിച്ച ഹനുമാന്‍ കുരങ്ങനാണീ വിരുതന്‍.

ഒരു വർഷം മുൻപാണ് ചെറുപുഴ കാനം വയലിലേക്ക് ഹനുമാൻ കുരങ്ങ് കാടിറങ്ങിയെത്തിയത്. ആദ്യം ചെറിയ അടുപ്പം പിന്നീട് അത് വേർപിരിക്കാനാവാത്ത സൗഹൃദമായി വളർന്നു. ആദ്യം ശല്യക്കാരനായിരുന്നെങ്കിലും ക്രമേണ എല്ലാവരുടെയും ഓമനയായി മാറി. നേരം പുലരുമ്പോൾ തന്നെ വീടുകൾ തോറുമെത്തും. കുട്ടികളും മുതിർന്നവരുമായെല്ലാം ഒരേപോലെ ചങ്ങാത്തം. പ്രിയപ്പെട്ടവരെ കണ്ടാൽ ഓടിയെത്തി തോളിലും തലയിലും കയറിയിരുന്ന് സ്നേഹപ്രകടനം.

കുട്ടികളുമായി ഏറെ അടുത്തത്തോടെ അവർ കുരങ്ങിന് രാമൻ എന്ന പേരിട്ടു. പേര് നീട്ടിവിളിച്ചാൽ മതി എവിടെ ഉണ്ടെങ്കിലും ഓടി അടുത്തെത്തും. പഴങ്ങൾ, ബിസ്കറ്റ് തുടങ്ങിയവയാണു രാമന്റെ ഇഷ്ടഭക്ഷണം പകൽ സമയം മുഴുവൻ മേഖലയിൽ ചിലവഴിക്കുന്ന രാമൻ രാത്രിയാകുന്നതോടെ ഗ്രാമാതിർത്തിയിലെ വനത്തിലേക്ക് തിരികെ പോകും. പുലർച്ചെ പതിവുപോലെ തിരികെയെത്തും.

Advertisement