നിലമ്പൂരിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈ തേങ്ങ പറിച്ചെറിഞ്ഞൊടിച്ച് കുരങ്ങ്

മലപ്പുറം: തെങ്ങ് ചതിക്കില്ലെന്നാണ് വ്യാപകമായി പറയാറുള്ളത്. എന്നാൽ തെങ്ങിൽ കുരങ്ങിരിക്കുന്നുണ്ടെങ്കിൽ ചതിപറ്റാം എന്ന അനുഭവമാണ് നിലമ്പൂരെ വീട്ടമ്മയ്ക്ക് ഉള്ളത്. വനത്തോട് ചേർന്ന മേഖലയിലെ സ്വന്തം വീട്ടിൽ വച്ചാണ് വീട്ടമ്മയ്ക്ക് നേരെ കുരങ്ങിന്റെ ആക്രമണം ഉണ്ടായത്.

നിലമ്പൂരിൽ കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിഞ്ഞ് പരിക്കേൽപ്പിച്ചു. ഇടതു കൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമി എന്ന 56കാരിക്കാണ് പരിക്കേറ്റത്. സെപ്തംബർ 26ന് വൈകിട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴാണ് സംഭവം. അമരമ്പലം റിസർവ് വനത്തിന് സമീപം ആണ് മാമ്പൊയിൽ പ്രദേശം. വനത്തിന്റെ മൂന്ന് വശം ജനവാസ മേഖലയും ഒരു ഭാഗം പുഴയും ആണ്. എന്നാൽ ഈ പ്രദേശത്ത് ആദ്യമായാണ് മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ കാട്ടാനപ്പേടിയിലാണ് എറണാകുളം മലയാറ്റൂരിലെ മലയോര കർഷകരുള്ളത്. പാണ്ഡ്യൻ ചിറയിലെ ഒന്നരയേക്കർ ഭൂമിയിലെ മൂന്നൂറോളം വാഴകളും തെങ്ങുകളുമാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം നശിപ്പിച്ചത്. നടുവട്ടം സ്വദേശി ആന്റുവിന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം മൂന്നൂറിലധികം വാഴകളാണ് നശിപ്പിച്ചത്.

മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ യൂക്കാലി മേഖലയിലാണ് കഴി‍ഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങിയത്. ആനക്കൂട്ടം തെങ്ങ്, കവുങ്ങ് എന്നിവയെക്കൂടാതെ പച്ചക്കറി കൃഷിയും നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപമെത്തുന്ന കാട്ടാനക്കൂട്ടം പുലർച്ചെയാണ് മടങ്ങുന്നത്. വൈദ്യുതി വേലി തകർത്താണ് ഇവ കൃഷിയിടങ്ങളിലെത്തുന്നത്. വൈദ്യുതി വേലി ഫലപ്രദമല്ലെന്നും ഡ്രഞ്ച് സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement