സഹകരണ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടിൽ പ്രതിഷേധം

Advertisement

തിരുവനന്തപുരം: മുൻമന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധിക്കുന്നത്.

കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 300 നിക്ഷേപകർക്കായി 13 കോടി നഷ്ടമുണ്ടായെന്നാണ് പരാതി. ശിവകുമാറിന്റെ ബെനാമിയുടെതാണ് സൊസൈറ്റിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. 2002ൽ ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്.

സഹകരണ മേഖലയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇടപെടലുകൾക്കെതിരെ യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുമ്പോഴാണ് കോൺഗ്രസ് മുൻമന്ത്രിയുടെ വീട്ടിൽ പ്രതിഷേധം അരങ്ങേറുന്നത്. കൊച്ചിയിൽ സഹകരണ കൺവൻഷൻ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

ഇതുൾപ്പെടെയുള്ള പ്രതിഷേധ, സമരപരിപാടികളുടെ ആലോചനയ്ക്കായി യുഡിഎഫിലെ സഹകാരി നേതാക്കളുടെ യോഗം വിളിച്ചു. നാലിനു തിരുവനന്തപുരത്താണു യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിൽ ഓരോ ഘടകകക്ഷിയുടെയും സഹകരണ മേഖലയിൽനിന്നുള്ള രണ്ടുവീതം പ്രതിനിധികൾ പങ്കെടുക്കും. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടർസമരപരിപാടികളും തീരുമാനിക്കും.

Advertisement