ചായ കുടിക്കാൻ ഒന്ന് നിർത്തി, എടിഎം വാനുമായി കടന്ന് അജ്ഞാതൻ; ​കിടിലൻ ചേസ്, ഒടുവിൽ…

അഹമ്മദാബാദ്: രണ്ട് കോടി രൂപ അടങ്ങിയ എടിഎം കാഷ് റീഫില്ലിംഗ് വാനുമായി അജ്ഞാതൻ കടന്നുകളഞ്ഞു. ​ഗുജറാത്തിലെ ​ഗാന്ധിധാമിലാണ് സംഭവം.

തിരക്കേറിയ ബാങ്കിംഗ് സർക്കിളിന് സമീപം രാവിലെ 11 മണിയോടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും മറ്റ് മൂന്ന് പേരും ചായ കുടിക്കാനാണ് വാഹനം നിർത്തിയത്. ഇതിനിടെ ഒരാൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാൻ അൺലോക്ക് ചെയ്ത് വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒട്ടും സമയം കളയാതെ ടീ സ്റ്റാളിന് സമീപമുണ്ടായിരുന്ന ഒരാളിൽ നിന്ന് രണ്ട് ജീവനക്കാർ ബൈക്ക് കടം വാങ്ങി വാനിനെ പിന്തുടരാൻ തുടങ്ങി, പൊലീസിനെയും വിവരമറിയിച്ചു. ബൈക്കിൽ ചേസിം​ഗ് ഉപേക്ഷിച്ച് ജീവനക്കാർ ഒരു കാർ ഡ്രൈവറുടെ സഹായം തേടി. തുടർന്ന് വാനിനെ പിന്തുടരുകയും ചെയ്തു. ഇതിനിടെ മറ്റൊരു കാർ ജീവനക്കാരെ പിന്തുടരുന്നുണ്ടായിരുന്നു. ജീവനക്കാർ വിടുന്നില്ലെന്ന് കണ്ടതോടെ ഗാന്ധിധാം ടൗണിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മിതി റോഹറിൽ എത്തിയപ്പോൾ പ്രതികൾ വാൻ റോഡിൽ ഉപേക്ഷിച്ചു.

തുടർന്ന് നേരത്തെ ജീവനക്കാരെ പിന്തുടർന്ന കാറിൽ കയറി രക്ഷപ്പെട്ടു. ഒരു പൊലീസ് വാഹനവും ഇതിനിടെ വാനിനെ ചേസ് ചെയ്തിരുന്നു. ഇതോടെയാകും വാൻ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടാൻ തീരുമാനിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സാഗർ ബഗ്മർ പറഞ്ഞു. വാനിൽ സൂക്ഷിച്ചിരുന്ന പണം സുരക്ഷിതമാണെന്നും കൂടുതൽ അന്വേഷണത്തിനായി ഗാന്ധിധാം സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചു. വാനിൽ പണം കൊണ്ട് വരുന്ന കാര്യത്തെ കുറിച്ച് നല്ല ധാരണയുള്ള ആരോ ആസൂത്രണം ചെയ്തതാകും കവർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ രക്ഷപ്പെട്ട കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്കിംഗ് സർക്കിൾ പരിസരത്തും മിതി റോഹറിലേക്ക് പോകുന്ന റോഡിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ തുറമുഖങ്ങളിലൊന്നായ കാണ്ട്‌ലയുടെ ആസ്ഥാനമാണ് ഗാന്ധിധാം. അതുകൊണ്ട് തന്നെ ബാങ്കുകളിലും എടിഎമ്മുകളിലും വലിയ തോതിൽ പണം സൂക്ഷിക്കാറുണ്ട്. ടൗണിലെ ദേശസാൽകൃത ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനാണ് വാനിൽ പണം എത്തിച്ചത്.

Advertisement