ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടതും ശക്തവുമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ ശക്തമായ മഴ ഉണ്ടാകുന്നതാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഹമൂൺ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്തും മഴ കനക്കുന്നത്. ഇന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്തേക്ക് മാറും. അതിനാൽ, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയാണ് കേരളത്തിൽ അനുഭവപ്പെടുക. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. രാത്രി 11:30 വരെ 1.0 മീറ്റർ മുതൽ 3.0 മീറ്റർ വരെ ഉയരത്തിലാണ് തിരമാല ഉണ്ടാവുക. കടൽക്ഷോഭം രൂക്ഷമാക്കാൻ സാധ്യതയുള്ളതിനാൽ അപകട മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

Advertisement