കൊടും വേനലിൽ കുളിരായി മഴയെത്തി:ഇടിമിന്നലിൽ വ്യാപകനാശം;കൗതുകമായി ആലിപ്പഴം പെയ്ത്തും

Advertisement

ശാസ്താംകോട്ട:കൊടും വേനലിൽ കുളിരായി മഴയെത്തിയെങ്കിലും മഴയോടൊപ്പമെത്തിയ ഇടിമിന്നൽ വ്യാപകനാശം വിതച്ചു.കൊല്ലം ജില്ലയിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന അധികൃതരുടെ നിർദ്ദേശം നിലനിൽക്കെയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഴയെത്തിയത്.മഴയ്ക്ക് മുമ്പായി ഒരു മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ ഇടിമിന്നലാണ് വ്യാപക നാശം വിതച്ചത്.കുന്നത്തൂർ താലൂക്കിൽ വീടുകളിലെ ഇലക്ട്രിക് –
ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി.ഫാനുകൾ,റഫ്രിജറേറ്റർ,ടെലിവിഷൻ ഉൾപ്പെടെ മിക്ക വീടുകളിലും തകരാറിലായി.വയറിങ്ങും കത്തിനശിച്ചു.ഓൺലൈൻ സ്ഥാപനങ്ങളിലും ഓഫീസുകളിലും കമ്പ്യൂട്ടർ അടക്കമുള്ളവയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.വൈദ്യുത ലൈനുകളിൽ മരച്ചില്ലകളും മറ്റും വീണതിനെ തുടർന്ന് വൈദ്യുതി ബന്ധവും നിലച്ചിട്ടുണ്ട്.കുന്നത്തൂർ നെടിയവിള പടിഞ്ഞാറെ ജംഗ്ഷന് സമീപം ശാസ്താംനട ഭാഗത്ത് ആലിപ്പഴം പെയ്തത് കൗതുകമായി.മഴയും ഇടിമിന്നലും അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ആലിപ്പഴം പെറുക്കാനിറങ്ങി.പലരും കുപ്പികളിലും മറ്റും ശേഖരിച്ച ആലിപ്പഴത്തിന് അധികം ആയുസും ഉണ്ടായിരുന്നില്ല.

Advertisement