മുഖ്യമന്ത്രിയുടെ ഫോൺ കോളുകൾ വന്നാൽ എല്ലാമായി,പി എം എ സലാമിനെതിരെ സമസ്ത നേതാക്കളുടെ പ്രതിഷേധം

Advertisement

കോഴിക്കോട്.മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ സമസ്ത നേതാക്കളുടെ പ്രതിഷേധം . നേതാക്കള്‍ക്കെതിരായ വിവാദ പരാമർശങ്ങളില്‍ പ്രതിഷേധം അറിയിച്ച് സമസ്ത നേതാക്കൾ
സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് കത്ത് നൽകി.

തട്ടം വിവാദവുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സമസ്തക്കെതിരെ നടത്തിയ പരോക്ഷ പ്രതികരണമാണ് പ്രതിഷേധത്തിന് ആധാരം. മുഖ്യമന്ത്രിയുടെ ഫോൺ കോളുകൾ വന്നാൽ എല്ലാമായി എന്ന് കരുതുന്നവർ പ്രതികരിക്കണം എന്നായിരുന്നു സലാമിന്റെ പരാമർശം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് പറഞ്ഞിരുന്നില്ലെങ്കിലുംസംഭവം വിവാദമായിരുന്നു. ഇതിന് പിറകെ ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായിയും സമസ്തയെ ആക്ഷേപിച്ചു. ഇതോടെയാണ് സംസ്ഥാന നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമസ്ത നേതാക്കൾക്കെതിരെ പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ആക്ഷേപിക്കുന്ന പ്രവണതക്കെതിരെയാണ് പ്രതിഷേധം. ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളിൽ നിന്നുള്ള ഇത്തരം സമീപനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈവി, സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി, എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താർ പന്തല്ലൂർ തുടങ്ങി 21 പേർ ഒപ്പ് വെച്ച കത്താണ് ലീഗ് നേതൃത്വത്തിന് അയച്ചത്. നേരത്തെ ലീഗും സമസ്തയും തമ്മിൽ ഭിന്നത രൂക്ഷമായതോടെ സദിഖലി തങ്ങളുടെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. ഒരിടവേളക്കുശേഷം സമസ്തയും ലീഗും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്.

Advertisement