മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിഷയത്തിൽ അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിഷയത്തിൽ അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗുമായുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് സമസ്തയുടെ നിർദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയത്തിൽ ഉമർ ഫൈസിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തു. സമസ്തയിൽ ഭിന്നത കടുക്കുന്നതിനിടെയാണ് നേതൃത്വം സംയുക്ത പ്രസ്താവന ഇറക്കിയത്.
സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രസ്താവന ഉമർ ഫൈസിയേക്കാൾ ബാധിക്കുന്നത് ലീഗുമായി ചേർന്ന് പ്രവർത്തിക്കുന്നവരെയാണ്. പോഷക സംഘടന നേതാക്കളായ നാസർ ഫൈസി കൂടത്തായി, അബ്ദു സമദ് പൂക്കോട്ടൂർ തുടങ്ങിയവർ
മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് വേണ്ടി പരസ്യ പ്രചാരണം നടത്തിയിരുന്നു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കത്തിച്ചത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Advertisement