മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ വിട്ടു വീഴ്ച , മുസ്ലിം ലീഗിന് വിങ്ങലായി

കോഴിക്കോട്. പതിവാണ് തിരഞ്ഞെടുപ്പ് ചൂടാകുമ്പോള്‍ മൂന്നാം സീറ്റ് എന്ന ആവശ്യവുമായി മുസ്ളീം ലീഗ് രംഗത്തുവരും മാധ്യമവാര്‍ത്തയാകും. ഒടുവില്‍ ഒത്തുതീര്‍പ്പ് വിദഗ്ധര്‍ ഇറങ്ങും ഓരോതവണയും ഓരോഫോര്‍മുലകള്‍.കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പിന്തുണച്ചിട്ടും ഇത്തവണയും     വിട്ടു വീഴ്ച ചെയ്യേണ്ടി വന്നത് മുസ്ലിം ലീഗിന് വിങ്ങലായി. സ്ഥാനാർത്ഥികളെ വെച്ചു മാറിയതിൽ വലിയ ചർച്ച വേണ്ടെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ നിലപാട്


ലോക് സഭാ തെരഞ്ഞെടുപ്പ് കാലങ്ങളിൽ ആവർത്തിക്കുന്ന മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യം ഇക്കുറിയും നടപ്പായില്ല . രാജ്യസഭാ സീറ്റു നൽകാമെന്ന കോൺഗ്രസ് പിടിവാശിക്ക് ലീഗ് വഴങ്ങി.  പരമ്പരാഗത സീറ്റുകളിൽ സ്ഥാനാർത്ഥികളെ വെച്ചു മാറേണ്ടിയും വന്നു ലീഗിന്. ലീഗിൻ്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറയുന്നതാണ് സ്ഥാനാർത്ഥി മാറ്റത്തിന് ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ എസ് ഹംസ ഇടത്  സ്ഥാനാർത്ഥിയായതും കണക്കിലെടുത്തു.

സമസ്തയുമായും ജിഫ്രി മുത്തുക്കോയ തങ്ങളുമായും അടുത്ത ബന്ധമാണ് കെ എസ് ഹംസക്ക്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  പൊന്നാനിയിൽ 1,81 ,569 വോട്ടിൻ്റെ ഭൂരിപക്ഷമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ  ഭൂരിപക്ഷം പതിനായിരത്തിനു താഴെയായി. ഏഴിൽ നാല് നിയമസഭാ മണ്ഡലങ്ങളും LDF നൊപ്പമായി. താനൂരും തൃത്താലയും മന്ത്രി മണ്ഡലങ്ങളുമായി . മലപ്പുറത്തും സ്ഥിതി ഭിന്നമായിരുന്നില്ല. 2019 ൽ പി കെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന് ജയിച്ച മലപ്പുറത്ത് 2021 ൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 1 ,14 ,   615 വോട്ടായി ഇടിഞ്ഞു . ലീഗിന് ഒന്നര ലക്ഷത്തോളം വോട്ടു കുറഞ്ഞപ്പോൾ എല്‍ഡിഎഫ് ന് 93913 വോട്ട് കൂടി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ലീഗിൻ്റെ സ്ഥാനാർത്ഥി മാറ്റം. ഇക്കാര്യം പക്ഷേ ലീഗ് നേതൃത്വം പരസ്യമായി സമ്മതിക്കാൻ തയ്യാറല്ല.

Advertisement