കുസാറ്റിൽ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി

കൊച്ചി: ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങൾകാട്ടി വിദ്യാർഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഇതു സംബന്ധിച്ച്​ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി പൊലീസിൽ പരാതി നൽകി. പരാതിയിൽ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.

പരാതി നൽകി ദിവസങ്ങൾ ക​ഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും​ പൊലീസ് വിശദീകരിച്ചു​. പ്രതിയുടെ മൊബൈൽ സ്വിച്ച് ഓഫാണെന്നാണ്​ പൊലീസ്​ വിശദീകരിക്കുന്നത്​. ഏതാനും ആഴ്ചകൾക്ക് മുമ്പ് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു.

ഓൺലൈൻ ക്ലാസ് നടന്നിരുന്ന സമയത്താണ് വിദ്യാർഥിനിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്​. സുഹൃത്ത്​ എന്ന നിലയിൽ ഏതാനും മാസം മുമ്പ് വിദ്യാർഥിനിയെ കാപ്പികുടിക്കാൻ ക്ഷണിച്ച യുവാവ്​ കാറിൽവെച്ച് ബലം പ്രയോഗിച്ച് ചുംബിക്കുകയും ഈ ചിത്രങ്ങൾ വിദ്യാർഥിനിയറിയാതെ പകർത്തുകയുമായിരുന്നു.

ഈ ചിത്രങ്ങൾകാട്ടി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ്​ പരാതി. ഈ ദൃശ്യങ്ങളും പകർത്തി. നിർബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാർഥിനിക്ക് ക്രൂരമർദനവും ഏൽക്കേണ്ടിവന്നു. കുസാറ്റ്​ കാമ്പസ്, ഫോർട്ട്​കൊച്ചി, ഷൊർണൂർ, കാക്കനാട് എന്നിവിടങ്ങളിൽവെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്.

Advertisement