ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കും.


കടകളില്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ്  പല രോഗങ്ങൾക്കും കാരണമാകും. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളുവെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് നിഷ്കർഷിക്കുന്നു.ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement