സൂര്യാഘാതം: അറിയേണ്ടതെല്ലാം

മാര്‍ച്ച് മാസമാകുന്നതിനു മുമ്പു തന്നെ കേരളത്തില്‍ താപനില കൂടി വരികയാണ്. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതം വരാതിരിക്കാന്‍ എന്തു ചെയ്യണമെന്നും സൂര്യാഘാതം വന്നാല്‍ ചെയ്യേണ്ടതെന്തൊക്കെയെന്നും അറിയാം.

അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയര്‍ന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സില്‍ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവര്‍ക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതല്‍. ചികിത്സിച്ചില്ലെങ്കില്‍ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.

ഉയര്‍ന്ന ശരീരോഷ്മാവ്, ശരീരത്തില്‍ ചുവന്ന പാടുകള്‍, അതികഠിനമായ തലവേദന, തലകറക്കം, ചുഴലിരോഗലക്ഷണങ്ങള്‍, ഉയര്‍ന്ന നാഡിമിടിപ്പ്, ബോധക്ഷയം, ഓക്കാനം, പേശിമുറുകല്‍, അമിതമായ ദാഹം, കുഴഞ്ഞുവീഴല്‍, അതികഠിനമായ തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പോലുള്ള കുമിളകള്‍ എന്നിവയൊക്കെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തന്നെ തണലിലേക്ക് മാറ്റണം. വെള്ളം ധാരാളം നല്‍കണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവയും നല്‍കാം. ഇറുകിയ വേഷങ്ങളാണെങ്കില്‍ അവ അയച്ചിടണം, ശരീരത്തില്‍ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാന്‍ ഐസും ഉപയോഗിക്കാം. ബോധം പോയ അവസ്ഥയില്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.

Advertisement