താപനില കൂടിയാൽ മരുന്നും വിഷമാകും: ഗുളികയിൽ പൊട്ടൽ, നിറം മാറ്റം എന്നിവ കണ്ടാൽ ഉപയോഗിക്കരുത്; സൂക്ഷ്മത വേണമെന്ന് ആരോഗ്യവിദഗ്ധർ

ദോഹ: വേനലിൽ മരുന്നുകൾ സൂക്ഷിക്കുന്നതിൽ സൂക്ഷ്മത വേണമെന്ന് ആരോഗ്യവിദഗ്ധർ. മരുന്നുകൾ കൃത്യമായ താപനിലയിൽ സൂക്ഷിക്കണം. ഉയർന്ന ചൂടിൽ സൂക്ഷിക്കുന്നത് മരുന്നുകളുടെ കാലാവധിയെയും നിലവാരത്തെയും ബാധിക്കും.

അവയുടെ വീര്യം കുറയുകയും വിഷമായി മാറുകയും ചെയ്യുമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) വെസ്റ്റ് ബേ ഹെൽത്ത് സെന്റർ ഫാർമസി സൂപ്പർവൈസർ ഡോ.അഹമ്മദ് മുഹമ്മദ് അലി യൂസുഫ് വ്യക്തമാക്കി. ഓരോ മരുന്നുകളുടെയും പാക്കറ്റുകളിൽ അവ സൂക്ഷിക്കേണ്ട താപനില കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മരുന്നുകളും 25 ഡിഗ്രിയിൽ കൂടാതെ സൂക്ഷിക്കണം.ചിലതിന് 30

ഉയർന്ന താപനിലയിലും അന്തരീക്ഷ ഈർപ്പത്തിലും സൂക്ഷിക്കുന്ന മരുന്നുകളിൽ മാറ്റംവരും. കാലാവധി തീയതിക്ക് മുൻപേ അവയുടെ ഫലപ്രാപ്തി കുറയും. ക്യാംപ്‌സൂളുകൾ, പൗഡറുകൾ, ക്രീമുകൾ, ഓയ്ൻമെന്റുകൾ, ടാബ്‌ലറ്റുകൾ, ഇൻജെക്ടറുകൾ എന്നിവ ഉൾപ്പെടെയുള്ള മരുന്ന് ഉൽപന്നങ്ങൾ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ചീത്തയാകും. ബാത്ത്‌റൂമിലെ ഫസ്റ്റ്എയ്ഡ് ബോക്‌സിൽ മരുന്നുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. സൂര്യപ്രകാശവും ചൂടും ഏൽക്കാതെ, കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്ത് സൂക്ഷിക്കണം.

ഗുളികയിൽ പൊട്ടൽ, നിറം മാറ്റം, മണത്തിൽ വ്യത്യാസം, കൂടുതൽ മൃദുവാകുകയോ കട്ടി കൂടുകയോ ചെയ്യുക, മരുന്നിന്റെ ലിക്വിഡിറ്റിയിലോ വിസ്‌കോസിറ്റിയിലോ സാധാരണയേക്കാൾ മാറ്റം എന്നിവ കണ്ടാൽ അവ ഉപയോഗയോഗ്യമല്ല. മരുന്നു വാങ്ങുമ്പോൾ തന്നെ എത്ര താപനിലയിലാണ് അവ സൂക്ഷിക്കേണ്ടതെന്ന് ഫാർമസിയിൽ ചോദിക്കുന്നതാണ് ഉചിതം.

Advertisement