കെപിസിസി യോഗത്തിൽ സോഷ്യൽ മീഡിയ വിദഗ്ധരും, നാം കരുതിയിരിക്കണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ കരുതൽ വേണമെന്നും കണ്ണൂർ അഞ്ചരക്കണ്ടിയിൽ നടത്തിയ കുടുംബയോഗത്തിൽ ‍മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

‘ഇപ്പോൾ സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽത്തന്നെ പങ്കെടുപ്പിക്കുന്ന അവസ്ഥയായി. വലിയ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഈ യോഗത്തിൽ സോഷ്യൽ മീഡിയ വിദഗ്ധരും പങ്കെടുക്കുന്നു. എങ്ങനെ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നാണ് ചർച്ച. അതിൽ ഏറ്റവും പ്രധാനം എതിർപക്ഷത്തെ അധിക്ഷേപിക്കലാണ്.’ – മുഖ്യമന്ത്രി പറഞ്ഞു.

‘ആരോഗ്യമന്ത്രിയുടെ ഓഫിസിനു നേരെ നടന്ന പ്രചാരണം കണ്ടില്ലേ? അത് പെട്ടെന്നു പൊട്ടിപ്പോയി. പക്ഷേ, എന്തൊരു വരവായിരുന്നു അത്. ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ അണിയറയിൽ തയാറാകുന്നുണ്ട് എന്നാണു കേൾക്കുന്നത്. വസ്തുതകളുടെ പിൻബലം വേണ്ടെങ്കിൽ എന്തും പടച്ചു വിടാലോ. ഇതു നാം കരുതിയിരിക്കേണ്ടതായിട്ടുണ്ട്’ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Advertisement