വേനൽ മഴയ്ക്കുള്ള സാധ്യത, ചൂട് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കോട്ടയം: മാർച്ച്, ഏപ്രിൽ മാസത്തിൽ ജില്ലയിൽ ചൂട് പ്രതീക്ഷിച്ചതിലും കുറയുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ത്രൈമാസ റിപ്പോർട്ട്. വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചന റിപ്പോർട്ടിലുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തിൽ ജില്ലയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂടാണ്. ഇരുചക്ര വാഹന യാത്രക്കാർ, ട്രാഫിക് പൊലീസുകാർ, ഓട്ടോ–ടാക്സി തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് പ്രവചനം താൽക്കാലിക ആശ്വാസമാകും.

അതേസമയം ഇന്നലെ കോട്ടയം നഗരത്തിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസായിരുന്നു.രാത്രി മുതൽ പുലർച്ചെ വരെ കനത്ത മഞ്ഞ്, പിന്നെ പൊള്ളുന്ന ചൂട്; മാസങ്ങളായി ജില്ലയിലെ കാലാവസ്ഥ ഇതാണ്. മികച്ച മഴ ലഭിച്ച മൺസൂൺ കഴിഞ്ഞുപോയെങ്കിലും ജില്ലയിലെ നദികളെല്ലാം വറ്റിത്തുടങ്ങി.

കേന്ദ്ര– സംസ്ഥാന നിർദേശങ്ങൾ കാത്തിരിക്കുകയാണ് റവന്യു വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും. താപനില ഉയർന്നാൽ ജില്ലയുടെ പ്രധാന മേഖലകളിൽ ജലലഭ്യത കുറയും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അവിടെ ശുദ്ധജലം എത്തിക്കുന്നതിനാണ് കൂടുതൽ പരിഗണന. പുറംപണികളിൽ ഏർപ്പെടുന്നവർ ‘ബ്രേക് ടൈം’ (11 മുതൽ 3 വരെ) പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നും റവന്യു വകുപ്പ് ജൂനിയർ സൂപ്രണ്ട് ബിജു മാത്യു പറഞ്ഞു.

താപനില വർധിച്ചതോടെ കാട്ടിലും നാട്ടിലും വീട്ടിലും സ്ഥാപനങ്ങളിലും തീപിടിത്തം വ്യാപകമായി. തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഫയർ സർവീസ് ദിനമായ ഏപ്രിൽ 14ന് കുടുംബശ്രീകൾ, അയൽക്കൂട്ടങ്ങൾ, വീടുകൾ എന്നിവയുടെ സഹായത്തോടെ ഫയർ ലൈനുകൾ ( തീ പ്രതിരോധ മാർഗം) പല മേഖലകളിലും ഉണ്ടാക്കും. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന കൂടുതൽ കർശനമാക്കുമെന്നു ജില്ലാ ഫയർ ഓഫിസർ റെജി വി.കുര്യാക്കോസ് പറഞ്ഞു.

നദികളിലെ ജലനിരപ്പ് കുറയുന്നതോടെ വരും മാസങ്ങളിൽ ഉപ്പുവെള്ളം കയറാൻ ഇടയുള്ളതിനാൽ ബണ്ട് നിർമാണം നടത്തണമെന്ന് ഇറിഗേഷൻ ‍‍വകുപ്പിനെ ജല അതോറിറ്റി അറിയിച്ചു. നദികളിൽ ചെറു ബണ്ടുകളുടെ നിർമാണം,ജലസ്രോതസ്സുകളുടെ പരിപാലനം എന്നിവയിലേക്കും അതോറിറ്റി ശ്രദ്ധിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ കുര്യാക്കോസ് പറഞ്ഞു.

താപനില വർധിക്കുന്നതിനാൽ ജലലഭ്യത ശരീരത്തിൽ ഉറപ്പാക്കണമെന്ന് ആരോഗ്യ വിഭാഗം. വയറിളക്കം, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഛർദി എന്നിവയെ നിസ്സാരമായി കാണരുത്. ഇത് ഒരുപക്ഷേ സൂര്യാതപം ഏറ്റതിനാലാകാം. ജലാംശമുള്ള ഭക്ഷണം കഴിക്കുക, രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിൽ ഏൽക്കുന്നതിൽ നിന്നു മാറി നിൽക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകുന്നു.

ചൂടിൽ ഏറ്റവുമധികം പ്രശ്നത്തിലാകുന്നത് ട്രാഫിക് പൊലീസുകാരാണ്. കോട്ടയം ടൗണിൽ മാത്രം 30– 35 ഉദ്യോഗസ്ഥർ ട്രാഫിക് ഡ്യൂട്ടിയിലുണ്ട്. രാവിലെ 11 മുതൽ മൂന്ന് വരെയുള്ള ബ്രേക് ടൈം പോലും വാഹനത്തിരക്കു മൂലം പലർക്കും പാലിക്കാനാകുന്നില്ല. സന്നദ്ധ സംഘടനകൾ വെള്ളം നൽകുന്നതു വലിയ സഹായമാണെന്നു പൊലീസുകാർ പറയുന്നു.

‘ചൂടിന്റെ കാഠിന്യം ഞങ്ങൾക്കു നന്നായി മനസ്സിലാകുന്നതിനാൽ യാത്രക്കാരെ വളരെ പെട്ടെന്നുതന്നെ കടത്തിവിടും’ –ടൗൺ ട്രാഫിക് എസ്ഐ ഹരിഹരകുമാർ പറഞ്ഞു.

Advertisement