ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു,മഴ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധി

Advertisement

ഇടുക്കി. അണക്കെട്ടിലെ ജലനിരപ്പ് 2337.5 അടിയായി കുറഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉൽപാനവും കുറച്ചിരിക്കുകയാണ്. വേനൽ മഴ ശക്തമായില്ലെങ്കിൽ വരുംദിവസങ്ങളിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.


കഴിഞ്ഞവർഷം ഇതേസമയം 2332 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അന്ന് വൈദ്യുതി ഉല്പാദനം ഉയർന്ന നിലയിൽ തന്നെ തുടരുകയും ചെയ്തു. ഈ വർഷം മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ മാസം വൈദ്യുതി ഉൽപ്പാദനം കെ എസ് ഇ ബി കുറച്ചിരുന്നു. വൈദ്യുതി ഉൽപാദനം പൂർണ തോതിലാക്കിയാൽ ജലനിരപ്പ് ഗണ്യമായി കുറയും

2280 അടിയിൽ താഴെ ജലനിരപ്പ് എത്തിയാൽ പെൻസ്റ്റോക്ക് പൈപ്പ് വഴി മൂലമറ്റം പവർ ഹൗസിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കില്ല.
ആറ് ജനറേറ്ററുകളില്‍ അഞ്ച് എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഡാമിലേക്ക് ഇപ്പോൾ ഒഴുകിയെത്തുന്നത് 8. 9 ലക്ഷം ഘനമീറ്റർ വെള്ളമാണ്. എന്നാൽ വൈദ്യുതി ഉല്പാദനത്തിന് ശേഷം 45. 349 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. ഇടുക്കിയിലെ മറ്റ് ചെറുകിട അണക്കെട്ടുകളിലും സമാനമായ പ്രതിസന്ധിയുണ്ട്.

അതേസമയം സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം . കെഎസ്ഇബി ചെയർമാൻ ഊർജ്ജ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. വൈദ്യുത ഉപഭോഗം കുത്തനെ വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗം പരിശോധിക്കും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉയർന്ന തുക ചെലവാകുന്നതും ഉപഭോഗത്തിലെ വർദ്ധന പ്രസന്ന വിതരണ ശൃംഖലയിൽ ഉണ്ടാക്കുന്ന തകരാറുകളും കണക്കിലെടുത്താണ് ബോർഡിൻറെ ആവശ്യം. ഉന്നതല യോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ സർക്കാരിൻറെ അനുമതിയോടെ ആകും ഇത് നടപ്പാക്കുക.

Advertisement