ഭാരതീയ സംസ്കാരം പ്രകൃതി ജ്ഞാനത്തിലധിഷ്ഠിതമാണ് : ഗോവ ഗവർണർ

കോട്ടയം.മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുന്നതാവണം യഥാർത്ഥ വിദ്യാഭ്യാസമെന്നും ഭാരതീയ സംസ്കാരം പ്രകൃതി ജ്ഞാനത്തിലധിഷ്ഠിതമാണെന്നും
ഗോവ ഗവർണർ
ഡോ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന പ്രതിഭാമരപ്പട്ടം പുരസ്കാരം കോട്ടയം ജവഹർ നവോദയ സ്കൂളിലെ വിദ്യാർഥിനി ലിഖിത ശ്രീകാന്തിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഡോക്റ്ററെയും എഞ്ചിനീയറെയും സൃഷ്ടിക്കുന്നതിനപ്പുറം നല്ല മനുഷ്യരെ സൃഷ്ടിക്കലാവണം വിദ്യാഭ്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴയും മനുഷ്യനും മണ്ണും തമ്മിലുള്ള ഇടമുറിയാത്ത നാഭീനാള ബന്ധം ആഴത്തിൽ അപഗ്രഥിച്ച എഴുത്തുകാർക്കേ സുഗതകുമാരി ടീച്ചറുടെ രാത്രിമഴ പോലൊരു കവിത എഴുത്താനാകുകയുള്ളൂ എന്നും പ്രകൃതിയെ പ്രണയിക്കുന്ന മനസ്സിൽ ചിരകാലപ്രതിഷ്ഠനേടിയ എഴുത്തുകാരി കൂടിയായിരുന്നു ടീച്ചറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവാർഡ് മരവും ഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയുടെ സമ്മാനങ്ങളും ജീ ഇംഗ്ലീഷ് അക്കാദമിയുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ എൻട്രി പാസും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും
എക്കോ ഫിലോസഫറുമായ
ജിതേഷ്ജി മുഖ്യ പ്രഭാഷണവും സുഗതകുമാരി അനുസ്മരണവും നടത്തി. ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സി രാമകൃഷ്ണൻ സ്വാഗതവും ലിഖിത ശ്രീകാന്ത് നന്ദിയും പറഞ്ഞു.
അവാർഡ് സമർപ്പണത്തിന് വർണ്ണപ്പൊലിമ പകരാൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിയുടെ
‘വരയരങ്ങ് :
വരവേഗവിസ്മയം’ ഇൻഫോടൈൻമെൻറ് മെഗാ സ്റ്റേജ് ഷോയും നടന്നു

Advertisement