തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മൂന്ന് തവണയായി സ്വർണവില കുറഞ്ഞിരുന്നു.

സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം സ്വർണവില കുറയ്ക്കാൻ കാരണമായി. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് പോര്. ഇന്നലെ ആകെ 560 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിൻറെ നിലവിലെ വിപണി വില 37600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വീണ്ടും 200 രൂപയുടെ ഇടിവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വിലയും ഇടിഞ്ഞു. ഇന്ന് രാവിലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ ആകെ 70 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ നിലവിലെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയിലും ഇടിവുണ്ട്. 10 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ നിലവിലെ വിപണി വില 3,880 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു രൂപയാണ് സാധാരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ വിപണി വില 62 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.