മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ സാമൂഹിക പ്രവര്‍ത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76) ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു.

ഞായറാഴ്ച രാത്രി ദോഹ മെട്രോയില്‍ ഇറങ്ങി ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലേക്ക് നടക്കുന്നതിനിടെയാണ് ലൈബ്രറിക്ക് മുന്‍പിലെ പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തേക്ക് വന്ന വാഹനം ഇടിച്ച് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ, മകള്‍ സബിത, പേരക്കുട്ടി ദിയ എന്നിവര്‍ നിസാര പരുക്കുകളുമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇസ്ഹാഖ് ഹാജി സംഭവസ്ഥലത്ത് വച്ചു തന്നെ തല്‍ക്ഷണം മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ഹയാ സന്ദര്‍ശക വീസയിലാണ് ഇവര്‍ ഖത്തറിലെത്തിയത്. മറ്റു മക്കള്‍: അന്‍വര്‍ (ജിദ്ദ), ജലീല്‍ (ഓസ്‌ട്രേലിയ), ഷറഫുന്നിസ. മരുമക്കള്‍: ഹുസൈന്‍ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീര്‍ ഹുസൈന്‍ (ഖത്തര്‍). ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Advertisement