അന്ന് മാധ്യമപ്രവർത്തകൻ, ഇന്ന് ജീവിക്കാനായി തെരുവിൽ ഭക്ഷണം വിൽപ്പന; താലിബാൻ ഭരണത്തിലെ ദുരിത കാഴ്ച

കാബൂൾ: ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി തെരുവിൽ ഭക്ഷണം വിറ്റ് ജീവിക്കാൻ നിർബന്ധിതനായി അഫ്ഗാൻ മാധ്യമ പ്രവർത്തകൻ.

രാജ്യത്ത് താലിബാൻ ഭരണം കൈയ്യടക്കിയതോടെയാണ് കടുത്ത ക്ഷാമവും പട്ടിണിയും മൂലം ജനങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്നത്.

മുസ മുഹമ്മദി എന്ന അഫ്ഗാൻ മാധ്യമപ്രവർത്തകനാണ് തെരുവിൽ ഭക്ഷണം വിറ്റ് കുടുംബം പോറ്റുന്നത്. ഹമീദ് കർസായ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന കബീർ ഹഖ്മാലാണ് തന്റെ ട്വിറ്ററിലൂടെ മാധ്യമപ്രവർത്തകന്റെ ചിത്രം പുറത്തുവിട്ടത്. വർഷങ്ങളായി മാധ്യമ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് മുഹമ്മദി എന്നും തന്റെ ട്വീറ്റിൽ ഹഖ്മൽ പറഞ്ഞു. അവതരകൻ, റിപ്പോർട്ടർ എന്നീ നിലകളിൽ വിവിധ ചാനലിൽ പ്രവര്ത്തിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദി. എന്നാൽ ഇന്ന് താലിബാൻ ഭരണത്തിൽ ദുരിത ജീവിതം നയിക്കുന്ന നിരവധി പേരിൽ ഒരാളാണിദ്ദേഹം

അതേസമയം, അഫ്ഗാൻ ദേശീയ റേഡിയോ ആന്റ് ടെലിവിഷന്റെ ഡയറക്ടർ ജനറലായ അഹമ്മദുല്ല വസിക് ട്വീറ്റ് കാണാനിടവരികയും തന്റെ വകുപ്പിൽ മുഹമ്മദിയെ നിയമിക്കുമെന്നും ട്വീറ്റിന് മറുപടിയായി പറഞ്ഞു

Advertisement