സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ല; പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തല്‍

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരത്തിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ ഇനി പൊലീസ് നോട്ടീസ് അയയ്ക്കില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 354 എ (ലൈംഗികാതിക്രമം) ഉള്‍പ്പടെയുള്ള വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പൊലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തി

കേസില്‍ പൊലീസ് ബുധനാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിക്കുക. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം സുരേഷ് ഗോപിയെ വിട്ടയച്ചിരുന്നു. പിന്നീട് നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ അത്തരത്തില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കേണ്ട സാഹചര്യം ഇനി ഇല്ല. കേസുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് കാര്യങ്ങളുണ്ടായിരുന്നു. അത് ഇന്നലെയോടെ തീര്‍ന്നു എന്നാണ് പൊലീസ് പറയുന്നത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സഹോദരന്‍ സുഭാഷ് ഗോപിക്കും ബന്ധുക്കള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമൊപ്പം സ്റ്റേഷനിലെത്തിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടീസ് നല്‍കി വിട്ടയച്ചു. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കിയാല്‍ ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെയാണ് വിട്ടയച്ചതെന്ന് ഡി.സി.പി കെ.ഇ.ബൈജു പറഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, എ.സി.പി ബിജു രാജ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് എന്നിവരും സ്റ്റേഷനിലുണ്ടായിരുന്നു. സുരേഷ് ഗോപിക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബി.എന്‍.ശിവശങ്കരന്‍ സ്റ്റേഷനിലെത്തി.സുരേഷ് ഗോപി ഹാജരാകുമെന്നറിഞ്ഞ് രാവിലെ ഒമ്പതു മുതല്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങളുമായെത്തിയിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, വി.കെ.സജീവന്‍ തുടങ്ങിയവരും സ്റ്റേഷനിലെത്തിയിരുന്നു. സുരേഷ് ഗോപി എത്തിയപ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു.തുടക്കത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചില്ല. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി മാദ്ധ്യമ പ്രവര്‍ത്തകരെ മാത്രം അനുവദിച്ചു. സുരേഷ് ഗോപി മൊഴിയെടുക്കലിനു ശേഷം രണ്ടരയോടെ മടങ്ങി. കഴിഞ്ഞ മാസം 27ന് കോഴിക്കോട്ട് രേവതി പട്ടത്താന പണ്ഡിത സദസ് ഉദ്ഘാടന ശേഷം മാദ്ധ്യമ പ്രവര്‍ത്തകയുടെ ദേഹത്ത് സ്പര്‍ശിച്ചതാണ് കേസിനിടയാക്കിയത്.

Advertisement