2025 വരെ സൂര്യനിൽ അസാധാരണമായ മാറ്റങ്ങൾ ഉണ്ടാകും, ഭൂമിയെ വലിയ തോതിൽ ബാധിക്കുമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: 2022 ജനുവരി മുതൽ സൂര്യനിൽ ചില അസാധാരണ മാറ്റങ്ങൾ സംഭവിച്ച്‌ കൊണ്ടിരിക്കുകയാണ്.

2025 വരെ സൂര്യനിലെ ഈ പ്രതിഭാസം തുടരുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യനിലെ ഈ മാറ്റങ്ങൾ ഭൂമിയേയും ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. കൊറോണൽ മാസ് ഇജക്ഷനും സൗര കാറ്റുമെല്ലാം ദിനംപ്രതിയെന്നോണം സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്തുന്നുണ്ട്. യുഎസ് നാഷണൽ ഓഷ്യാനിക് ആ അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ, സ്പേസ് വെതർ പ്രഡിക്ഷൻ സെന്ററും ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും വരും ദിവസങ്ങൾ കൂടുതൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ശക്തമായ സൗരക്കാറ്റ് കാരണം ഓസ്‌ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും റേഡിയോ വിനിമയങ്ങൾ തകരാറിലായി എന്നാണ്. ഏറെ ഞെട്ടിക്കുന്ന റിപ്പോർട്ടാണിത്. സൂര്യനിലെ മാറ്റങ്ങൾ കാരണം ആശയവിനിമയ, മറ്റു ഇലക്‌ട്രോണിക് സംവിധാനങ്ങൾ നിശ്ചലമായാൽ ഭൂമിയിലുള്ളവർക്ക് വൻ തിരിച്ചടിയാകും.

കഴിഞ്ഞ മാസവും ലെവൽ അഞ്ച് വരെ പോയ സൗരക്കാറ്റുകൾ ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. ഹൈ ഫ്രീക്വൻസി റേഡിയോ സിഗ്‌നലുകളിലും മറ്റും ഇവ മൂലം കുഴപ്പങ്ങൾ നേരിടുകയും അതിനെതിരെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണ ശൃംഖലകളിലും ഇത്തരം സൗരക്കാറ്റുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

30 മെഗാഹെട്‌സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങളാണ് ഇപ്പോൾ തകരാറിലായിയിരിക്കുന്നത്. ഈ പ്രതിഭാസം 2025 വരെ ശക്തമായി തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ധ്രുവപ്രദേശങ്ങളുടെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഓറ ഓസ്ട്രേലിസിനും ഓറ ബൊറേലിസിനും സൂര്യനിലെ താപവ്യതിയാനങ്ങൾ മാറ്റങ്ങളുണ്ടാക്കാറുണ്ട്.

സൂര്യന്റെ ഏറ്റവും പുറംപാളിയായ കൊറോണയിൽ ഊർജ സ്ഫോടനങ്ങളുണ്ടാവുന്നതാണ് കൊറോണൽ മാസ് ഇജക്ഷൻ അഥവാ സിഎംഇകൾക്ക് കാരണം. സൂര്യനിലെ കൊറോണയിൽ താരതമ്യേന തണുത്ത ഭാഗങ്ങളുമുണ്ടാവാറുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിലെ ഇത്തരം തണുത്ത കുമിളകളാണ് സൗരക്കാറ്റുകൾക്ക് തുടക്കമിടാറ്. ഇത്തരം കൊറോണയിലെ കുമിളകൾ ഭൂമിയുടെ ദിശയിലേക്കാണുള്ളതെങ്കിൽ സൗരക്കാറ്റ് ഭൂമിയിലെത്തുകയും ചെയ്യും. ഇനിയുള്ള വർഷങ്ങളിൽ സൂര്യനിൽ നിന്നും കൂടുതൽ ചൂട് ഭൂമിയിലെത്തുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.

Advertisement