ദിവസവും അൽപം തൈര് കഴിക്കൂ; കാണാം ആരോഗ്യത്തിൽ മാറ്റങ്ങൾ…

നിത്യജീവിതത്തിൽ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മുടെ ജീവിതരീതികൾ മെച്ചപ്പെടുത്തിയാൽ തന്നെ മതിയാകും. പ്രത്യേകിച്ച് ഡയറ്റ്, അഥവാ നമ്മുടെ ഭക്ഷണരീതിയാണ് ഇത്തരത്തിൽ മെച്ചപ്പെടുത്തേണ്ടത്. ഭക്ഷണം ആരോഗ്യകരമാക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്.

ഇത്തരത്തിൽ വളരെ ലളിതമായി ഡ‍യറ്റിൽ വരുത്താവുന്നൊരു മാറ്റത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ദിവസവും നിങ്ങൾ ചെറിയൊരു കപ്പ് തൈര് കഴിക്കുന്നത് ശീലമാക്കിനോക്കൂ. കാണാം ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ആരോഗ്യത്തിൽ പോസിറ്റീവായ മാറ്റങ്ങൾ.

അതേസമയം അനാരോഗ്യകരമായ പല ഭക്ഷണസാധനങ്ങളും കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ ഇതുകൂടി മാറ്റാൻ കൂടെ ശ്രമിക്കണേ.

ഇനി തൈര് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ പറയാം. ഒന്നാമതായി തൈര് ‘പ്രോബയോട്ടിക്സ്’ എന്ന വിഭാഗത്തിൽ പെടുന്ന വിഭവമാണ്. എന്നുവച്ചാൽ നമ്മുടെ വയറിനകത്ത് നമുക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ബാക്ടീരിയ ഉണ്ട്. ഇവയിൽ കുറവ് വരുന്നത് നമ്മുടെ വയറിനെ പ്രശ്നത്തിലാക്കും. ഈ ബാക്ടീരിയകളുടെ അളവിൽ കുറവ് വരാതെ നോക്കാൻ സഹായിക്കുന്ന തരം ഭക്ഷണങ്ങളാണ് ‘പ്രോബയോട്ടിക്സ്’.

ദഹനം എളുപ്പത്തിലാക്കാനും, അതുവഴി മലബന്ധം- ഗ്യാസ് ഒക്കെ പോലുള്ള ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാം തൈര് സഹായിക്കും. ദഹനപ്രശ്നങ്ങൾ മൂലം നിത്യവും പൊറുതിമുട്ടുന്ന ആളുകളെ സംബന്ധിച്ച് ഇത് വലിയ ആശ്വാസം തന്നെയായിരിക്കും.

രോഗങ്ങളെ ചെറുക്കാനും ആരോഗ്യപ്രശ്നങ്ങളോട് പോരാടാനും നമ്മെ പ്രാപ്തരാക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയാണ്. ഇത് ശക്തിപ്പെടുത്താനും തൈര് സഹായിക്കും. ഇതിലൂടെയും ആകെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്.

ചർമ്മത്തിൻറെ ആരോഗ്യത്തിനാണ് അടുത്തതായി തൈര് ഏറെ പ്രയോജനപ്പെടുന്നത്. ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങളകറ്റി, ചർമ്മത്തിന് ഓജസ് പകരുന്നതിന് ഏറെ സഹായകമായിട്ടുള്ള ഭക്ഷണസാധനമാണ് തൈര്.

‘അമേരിക്കൻ ഹാര്ർട്ട് അസോസിയേഷ’ൻറെ പഠനപ്രകാരം ബിപി (രക്തസമ്മർദ്ദം) കുറയ്ക്കുന്നതിനും തൈര് വളരെയധികം സഹായിക്കുന്നു. ബിപി നിയന്ത്രണത്തിലാകുന്നത് അനുബന്ധമായ ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

എല്ലിൻറെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും പതിവായി തൈര് കഴിക്കുന്നത് സഹായിക്കും. ഇത് അസ്ഥിക്ഷയം പോലുള്ള അസുഖങ്ങളാൽ വലയുന്നവരെ സംബന്ധിച്ച് ആശ്വാസകരമാണ്.

തൈര് പതിവായി കഴിക്കുകയാണെങ്കിൽ തീർച്ചയായും ഇപ്പറയുന്ന ഗുണങ്ങളെല്ലാം ലഭിക്കുകയും അത് കൃത്യമായി ആരോഗ്യത്തിൽ പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ മുമ്പേ സൂചിപ്പിച്ചത് പോലെ മറ്റ് ഭക്ഷണങ്ങളെല്ലാം അനാരോഗ്യകരമാകുന്ന, വ്യായമവും ഉറക്കവും സ്ട്രെസും പോലുള്ള മറ്റ് പ്രധാനപ്പെട്ട ഏരിയകളിലെല്ലാം തോൽവിയായി മാറുന്ന രീതിയിൽ മുന്നോട്ട് പോകുന്നവരിൽ ഇങ്ങനെയുള്ള ചെറിയൊരു ഡയറ്റ് മാറ്റം ഒരു ഫലവും ഉണ്ടാക്കില്ലെന്നതും ഓർക്കുക.

Advertisement