വനിതാ ദിനം അടുക്കള ഉപകരണങ്ങൾ വാങ്ങി ആഘോഷിക്കാൻ സന്ദേശം.. മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാർട്ട്

ലോകമെമ്പാടും മാർച്ച്‌ എട്ടിന് വലിയ രീതിയിൽ തന്നെ വനിതാ ദിനം ആഘോഷിച്ചു. ആശംസകൾ നേർന്നും വിവിധ പരിപാടികൾ സംഘടിപ്പിച്ചും വനിതാദിനം ആഘോഷിച്ചപ്പോൾ പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാർട്ടും അവരുടെ ഉപഭോക്തക്കൾക്കായി വനിതാ ദിന സ്‌പെഷ്യൽ സന്ദേശമയച്ചു.

‘ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299 രൂപയിൽ നിന്ന് അടുക്കള ഉപകരണങ്ങൾ സ്വന്തമാക്കൂ’ ഇതായിരുന്നു ആ സന്ദേശം.

സ്ത്രീകൾ അടുക്കളയിൽ താമസിക്കുന്നവരാണെന്ന നെഗറ്റീവ് ചിന്താഗതിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തി. ഈ സന്ദേശത്തിനെതിരെ ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ പ്രതിഷേധമുയർന്നു.

ഒരു ട്വിറ്റർ ഉപയോക്താവ് ഫ്‌ളിപ്കാർട്ടിന്റെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ട് ഇങ്ങനെ കുറിച്ചു ‘നിങ്ങൾക്ക് ഇവിടെ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുന്നുണ്ടോ.’ അയ്യായിരത്തോളം ‘ലൈക്കുകളും’ നൂറുകണക്കിന് കമന്റുകളുമായി അവരുടെ ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി. സ്ത്രീകളെ പാചകത്തിനോടും അടുക്കളയോടും തുല്യപ്പെടുത്തന്ന ഫ്‌ളിപ്കാർട്ടിന്റെ വിപണന തന്ത്രം നിന്ദ്യമാണെന്ന് പലരും ചൂണ്ടിക്കാണിച്ചു. ഇതോടെ ഫ്‌ളിപ് കാർട്ടിനെതിരെ വ്യാപകമായ രീതിയിൽ പ്രതിഷേധമുയർന്നു.

ഒടുവിൽ ക്ഷമാപണവുമായി ഫ്‌ളിപ്കാർട്ട് തന്നെ രംഗത്തെത്തി. ‘ഞങ്ങൾ കുഴപ്പത്തിലായിരിക്കുകയാണ്, ഞങ്ങൾ ഖേദിക്കുന്നു, ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല, നേരത്തെ പങ്കിട്ട വനിതാ ദിന സന്ദേശത്തിന് ക്ഷമ ചോദിക്കുന്നു’ . ഫ്‌ളിപ് കാർട്ട് ട്വിറ്ററിൽ കുറിച്ചു.

ഫ്‌ളിപ് കാർട്ട് മാത്രമല്ല വനിതാ ദിനത്തിൽ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സന്ദേശമയച്ച മറ്റ് കമ്പനികളുടെ സ്‌ക്രീൻ ഷോട്ടുകളും സോഷ്യൽമീഡിയയിൽ നിരവധി പേർ പങ്കുവെച്ചിരുന്നു.

Advertisement