നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ഫ്‌ലിപ് കാര്‍ട്ടിന് പിഴ

ന്യൂഡല്‍ഹി: നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റതിന് ഫ്‌ലിപ് കാര്‍ട്ടിന് പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി. ഒരു ലക്ഷം രൂപയാണ് ഫ്‌ലിപ് കാര്‍ട്ട് പിഴയായി അടയ്‌ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ വിറ്റ 598 കുക്കറുകള്‍ തിരിച്ചെടുത്ത് പണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നടപടികള്‍ സ്വീകരിച്ച് 45 ദിവസത്തിനുള്ളില്‍ വിവരം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 598 കുക്കറുകള്‍ വിറ്റതുവഴി 1.84 ലക്ഷം രൂപയാണ് കമ്മിഷനായി ഫ്‌ലിപ്കാര്‍ട്ടിനു ലഭിച്ചത്. കമ്മിഷന്‍ ലഭിക്കുന്നതിനാല്‍ ഫ്‌ലിപ്കാര്‍ട്ടിനു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു.

Advertisement