‘ദാരിദ്ര്യം’ വിലക്കി ചൈന

ബെയ്ജിങ്: കടുത്ത സെൻസർഷിപ്പും സംഘടിതമായ ആശയപ്രചാരണവും കാരണം ചൈനയിലെ ദാരിദ്ര്യത്തെക്കുറിച്ച് ജനങ്ങള്‍ക്കുതന്നെ കൃത്യമായ ധാരണയില്ലെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമമായ ‘ദ് ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ വാർത്താ മാധ്യമമായ ക്യുക്യു ഡോട്ട് കോമിൽ ദാരിദ്യം അഥവാ പിൻകുൻ എന്ന ചൈനീസ് വാക്ക് നൽകിയാൽ യുഎസിലെ ദാരിദ്ര്യം മൂലമുള്ള മരണത്തെക്കുറിച്ചുള്ള വാർത്തയാണ് ആദ്യം വരിക.

അടുത്തിടെ ചൈനയിൽനിന്നുള്ള മുതിർന്ന സ്ത്രീയുടെ വിഡിയോ വൈറൽ ആയിരുന്നു. അവർക്ക് പെൻഷൻ ആയി ലഭിക്കുന്ന (ആകെ വരുമാനം) 100 യുവാൻ (ഏകദേശം 1,182 ഇന്ത്യൻ രൂപ) ഉപയോഗിച്ച് എന്തുമാത്രം പലവ്യഞ്ജനം വാങ്ങാനാകുമെന്നതായിരുന്നു വിഡിയോയുടെ ഉള്ളടക്കം. അരി മാത്രമേ വാങ്ങാനാകൂയെന്നും ഇറച്ചി കഴിച്ചിട്ട് വളരെ നാളുകളായെന്നും ഇവർ വിഡിയോയിൽ പറയുന്നു. ഈ വിഡിയോ പിന്നീട് ചൈനീസ് അധികൃതർ ഡിലീറ്റ് ചെയ്തു. ഇവരുടെ അഭിമുഖമെടുത്ത ഹു ചെൻഫെങ്ങിന്റെ അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തു.

വിദ്യാഭ്യാസമുള്ള ചൈനീസ് യുവജനതയുടെ പ്രയാസങ്ങൾ വിശദീകരിച്ച് യുവഗായകൻ പാടിയ പാട്ട് വൈറലായിരുന്നു. ‘‘ഞാൻ ദിവസവും എന്റെ മുഖം കഴുകും, എന്നാൽ എന്റെ പോക്കറ്റാണ് മുഖത്തേക്കാൾ വൃത്തിയായി ഇരിക്കുന്നത്. ചൈനയെ പുനരുദ്ധരിക്കാനാണ് ഞാൻ കോളജിൽ പോയത്. അല്ലാതെ ഭക്ഷണം എത്തിച്ചുകൊടുക്കാനല്ല’’ – ഈ പാട്ട് ചൈനീസ് യുവതലമുറയുടെ പ്രയാസമേറിയ ജീവിതത്തിന്റെ നേർച്ചിത്രമായതോടെ നിരോധിച്ചു. ഗായകന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു തൊഴിലാളിയുടെ വിവരം കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. ഇയാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്കപ്പട്ടിക പുറത്തുവന്നതോടെ ചൈനയിൽ ഏറ്റവും കൂടുതൽ അത്യധ്വാനം ചെയ്യുന്ന വ്യക്തി എന്നനിലയിൽ ഇയാൾ അറിയപ്പെടാൻ തുടങ്ങി. പക്ഷേ, ഇയാളെക്കുറിച്ചുള്ള ചർച്ചകൾ സെൻസർഷിപ്പ് മൂലം വിലക്കപ്പെട്ടു. മാത്രമല്ല, ഇയാളുടെ ഭാര്യയെക്കണ്ട് മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടുന്നതു തടയാൻ പൊലീസുകാർ വീടിനുമുന്നിൽ കാവൽനിൽക്കുകയും ചെയ്തിരുന്നു.

2021ൽ ദാരിദ്ര്യത്തിനെതിരെ വിജയിച്ചുവെന്ന് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോഴും പലയാളുകളും ദാരിദ്യരേഖയ്ക്കു താഴെയും രേഖയ്ക്ക് തൊട്ടുമുകളിലുമായാണ് ജീവിച്ചുതീർക്കുന്നത്. ചൈനയുടെ സമ്പദ്‌രംഗത്തെയും സാമൂഹിക വികസനത്തെയും തകർക്കുന്ന, പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ മോശമാക്കുന്ന, സങ്കടങ്ങളെ മനപ്പൂർവം കൃത്രിമമാക്കിക്കാണിക്കുക തുടങ്ങിയ‌വയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ചൈനയുടെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചിരുന്നു. വയോജനങ്ങളുടെയും അംഗപരിമിതരുടെയും കുട്ടികളുടെയും സങ്കടം നിറഞ്ഞ വിഡിയോകൾ പബ്ലിഷ് ചെയ്യുന്നത് ഇവർ വിലക്കി.

ചൈനയിൽ സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. സർക്കാരിന്റെ നയങ്ങളാണ് ഇതിലേക്കു നയിച്ചത്. ഒരാൾ എവിടെയാണു ജനിച്ചത് എന്നതിന് അനുസരിച്ചാണ് സാമൂഹിക ക്ഷേമകാര്യങ്ങൾ ലഭിക്കുന്നത്. അല്ലാതെ അയാളുടെ വരുമാനം അനുസരിച്ചല്ല. മാത്രമല്ല, തെരുവുകളിൽനിന്ന് വീടില്ലാത്തവരെയും ഭിക്ഷക്കാരെയും പ്രാദേശിക ഭരണകൂടങ്ങൾ ഓടി‌ച്ചുവിടുകയും ചെയ്യുന്നുണ്ട്. തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ വീടില്ലാത്തവരെയും ഭിക്ഷക്കാരെയും മാത്രമല്ല വിലക്കിയിരിക്കുന്നത്, 2017ൽ വരുമാനം കുറഞ്ഞ ജനങ്ങളെയും അവരുടെ അപ്പാർട്മെന്റുകളിൽനിന്ന് സർക്കാർ പുറത്താക്കി. ‘കുറഞ്ഞ നിലവാരമുള്ള’ ജനങ്ങളെ ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

തൊഴിലില്ലായ്മ 20 ശതമാനത്തിലെത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കുന്നതിനും വിലക്കുണ്ട്. ചൈനയുടെ പോസിറ്റീവ് പ്രതിച്ഛായ നിലനിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ഈ നീക്കത്തിനു പിന്നിൽ. സർക്കാർ കണക്കിൽ ദാരിദ്ര്യം തുടച്ചുനീക്കിയെന്നു കാണിക്കാനാണ് ഈ നടപടിയെന്നു ന്യൂയോർക്ക് ടൈംസ് വിലയിരുത്തുന്നു.

Advertisement