ധാക്ക: സോഷ്യൽമീഡിയയിലെ വൈറൽ ഗായകനാണ് ബംഗ്ലാദേശ് സ്വദേശിയായ ഹീറോ ആലം. ഇരുപത് ലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും പതിനഞ്ച്ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേർസും ആലമിനുണ്ട്.

ഇയാൾക്കെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചുട്ടുണ്ട്. ഒടുവിൽ ഗായകനോട് ഇനി പാട്ട് പാടരുതെന്ന് പൊലീസ് നേരിട്ട് ആവശ്യപ്പെട്ടു.

നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്‌റുൽ ഇസ്ലാമിന്റെയും ക്ലാസിക് ഗാനങ്ങൾ പാടിയതിന് ആലമിനെതിരെ നിരവധിയാളുകൾ വിമർശനം ഉന്നയിച്ചിരുന്നു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗാനങ്ങൾ അവതരിപ്പിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടുവെന്നും ആലം പറയുന്നു. ഒരു ഗായകനാകാൻ താൻ യോഗ്യനല്ലെന്നും ഇനി പാടില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയെന്നും ആലം കൂട്ടിച്ചേർത്തു.

നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള ആലം 2018 ലെ ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 638 വോട്ടുകളാണ് ഇയാൾക്ക് ലഭിച്ചത്. എനിക്ക് ഞാനൊരു ഹീറോ ആണെന്നും. അതിനാൽ ഞാൻ ഹീറോ ആലം എന്ന പേര് സ്വീകരിച്ചു എന്നുമാണ് താരം പറയുന്നത്. എന്ത് വന്നാലും ഈ പേര് ഉപേക്ഷിക്കില്ലെന്നും ആലം പറയുന്നു.

‘രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നും പൊലീസ് പിടിച്ചുകൊണ്ടുപോയി. എട്ടു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചു. എന്തുകൊണ്ടാണ് ഞാൻ രബീന്ദ്ര, നസ്‌റുൽ ഗാനങ്ങൾ പാടുന്നത് എന്ന് അവർ ചോദിച്ചു. ബംഗ്ലാദേശിൽ സ്വാതന്ത്ര്യത്തോടെ പാടാൻ പോലും കഴിയുന്നില്ല’- ആലം പറഞ്ഞു.

എന്നാൽ സംഭവത്തെക്കുറിച്ച്‌ ധാക്ക പൊലീസിന്റെ പ്രതികരണം മറ്റൊന്നായിരുന്നു. അനുവാദം ഇല്ലാത്ത ഗാനങ്ങൾ പാടിയതിനും മ്യൂസിക്ക് വീഡിയോകളിൽ അനുവാദമില്ലാതെ പൊലീസ് യൂണിഫോം ഉപയോഗിച്ചതിനും ആലം ക്ഷമാപണം നടത്തിയതായി പൊലീസ് അറിയിച്ചു.

‘ആലമിനെതിരെ നിരവധി പരാതികൾ ലഭിച്ചു. ഇങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി മാത്രം ആലം പലതും ചെയ്യുന്നുണ്ട്. പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല’- ധാക്ക പൊലീസ് പറഞ്ഞു.

അതേസമയം പൊലീസ് നടപടിക്കെതിരെ ആലത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ അവകാശങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപണം ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here