തനിക്ക് പോകാന്‍ വീടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് വിക്രമസിന്‍ഹെ, രാജ്യത്ത് പ്രതിഷേധം തുടരുന്നു

കൊളംബോ: താന്‍ വീട്ടിലേക്ക് പോകാന്‍ പ്രതിഷേധക്കാര്‍ക്ക് യാതൊരു തരത്തിലും ആവശ്യപ്പെടാനാകില്ലെന്ന് ശ്രീലങ്കന്‍പ പ്രസിഡന്റ് റനില്‍ വിക്രമസിന്‍ഹെ. കാരണം തനിക്ക് പോകാന്‍ വീടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിക്രമസിന്‍ഹെയ്ക്ക് എതിരെ പ്രതിഷേധം തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഭീഷണികളും ഉണ്ടാകുന്നുണ്ട്.

വീ്ട്ടിലേക്ക് മടങ്ങാന്‍ തന്നോട് ആവശ്യപ്പെടുന്നത് സമയം കളയലാണ്. അതിന് പകരം നിങ്ങള്‍ തീയിട്ട് നശിപ്പിച്ച എന്റെ വീട് പുനര്‍ നിര്‍മ്മിച്ച് തരൂ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വീട് പുനര്‍നിര്‍മ്മിച്ച് തന്നിട്ട് പ്രതിഷേധക്കാര്‍ക്ക് ഇങ്ങനെ ഒരാവശ്യം ഉയര്‍ത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നുകില്‍ രാജ്യം പുനര്‍നിര്‍മ്മിക്കൂ അല്ലെങ്കില്‍ എന്റെ വീട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രതിഷേധം കാരണം രാജ്യാന്തര നാണ്യ നിധിയുമായി ഒരു ധാരണയിലെത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉള്ള ഏക മാര്‍ഗമാണിതെന്നും സിന്‍ഹെ പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍ പ്രസിഡന്റ് ഗോതാബായ രാജപക്‌സെയെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളും യോജിച്ച് രാജ്യത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റണം. പ്രതിഷേധങ്ങള്‍ ഇത്തരം നടപടികള്‍ വൈകിപ്പിക്കുകയാണ്. ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതോടെ ഐഎംഎഫുമായി ധാരണ ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തടസമുണ്ടായിരിക്കുകയാണ്. രാജ്യം കടുത്ത ഭക്ഷ്യ ഇന്ധന പ്രതിസന്ധി നേരിടുകയാണ്. ഐഎംഎഫുമായി ധാരണ ഉണ്ടാകാതെ ഒരു രാജ്യവും തങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ തയാറുമല്ല.

കഴിഞ്ഞ മാസം ഒന്‍പതിനാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിന്‍ഹെയുടെ സ്വകാര്യ വസതി പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചത്. ജൂലൈ 21ന് ഗോതാബായ രജപക്‌സെ പ്രസിഡന്റ് പദം ഒഴിഞ്ഞതോടെയാണ് ഇദ്ദേഹം പ്രസിഡന്റായി അവരോധിക്കപ്പെട്ടത്.

Advertisement