പൂർണ്ണ സമയ സുവിശേഷകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ

കൊട്ടാരക്കര: ക്രൈസ്തവ സഭകളിലെ പൂർണ സമയ സുവിശേഷകർക്കായി മദ്രസ അധ്യാപകർക്ക് നൽകിയ മാതൃകയിൽ ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് സെൻ്റ് തോമസ്
ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോർജ് ഈപ്പൻ പറഞ്ഞു. പാലൊളി കമ്മീഷൻ നൽകിയ ശുപാർശകൾ മൂന്ന് മാസത്തിനകം നടപ്പാക്കാൻ തിടുക്കം കാട്ടിയ സർക്കാർ ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഒരു വർഷമായി പൂഴ്ത്തിവെച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തോട് കാട്ടുന്ന അനീതിയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
മതം പഠിപ്പിക്കുന്ന മദ്രസാ അധ്യാപകർക്ക് ക്ഷേമനിധി ഉള്ളപ്പോൾ അതേ തൊഴിൽ ചെയ്യുന്ന ക്രൈസ്തവ സുവിശേഷകരെ മാത്രം ഒഴിവാക്കുന്നത് ഈ വിഭാഗത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെ സി സി ) നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പന്തിയിൽ രണ്ട് വിളമ്പ് സർക്കാരിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം.ക്രീസ്തീയ വിശ്വാസികളെ എല്ലാ രംഗത്തും സർക്കാർ അവഗണിക്കുകയാണ്.ഈ അവഗണന ഏറെ നാൾ തുടരാൻ കഴിയില്ലെന്നും അതിന് തെളിവാണ് നീതി യാത്രയ്ക്ക് ജനങ്ങൾ നൽകുന്ന സ്വീകാര്യതയെന്നും ബിഷപ്പ് പറഞ്ഞു.
യോഗത്തിൽ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ഇ സി ഐ ബിഷപ്പ് കമ്മിസറി ഡോ.ഹെൻട്രി ഡി.ദാവീദ്,
കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, കെ സിസി മുൻ ട്രഷറർ റവ. എൽ ജി പവിത്ര സിംഗ്, സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവക വൈദീക സെക്രട്ടറി റവ.ജോസ് ജോർജ്, കെ സി സി ദലിത് കമ്മീഷൻ കൺവീനർ റവ.ബി ജി എബ്രഹാം,കെ.സി സി ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement