ജയലളിതയുടെ മരണം:അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്ത് വിടാനൊരുങ്ങി സ്റ്റാലിൻ ഭരണകൂടം

ചെന്നൈ; ഡിഎംകെയും പ്രകടനപത്രികയിലെ മുഖ്യ വാ​ഗ്ദാനമായിരുന്നു മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കുമെന്നത്. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഡിഎംകെ വാ​ഗ്​ദാനം നൽകിയിരുന്നു.

പത്ത് വർഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലെത്തിയപ്പോൾ പക്ഷേ അതൊക്കെ വെറും തെരഞ്ഞെടുപ്പ് വാ​ഗ്ദാനമെന്നായിരുന്നു ഓരോരുത്തരും ചിന്തിച്ചത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും പാർട്ടി ആർജ്ജവത്തോടെ നടത്തിയ പ്രഖ്യാപനങ്ങൾ സ്റ്റാലിൻ ഭരണകൂടം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് സൂചന. ഓഗസ്റ്റ് ആദ്യവാരം റിപ്പോർട്ട് സമർപ്പിക്കുമെന്നു ജയലളിതയുടെ മരണം അന്വേഷിക്കാൻ സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മെഡിക്കൽ ബോർഡ് അറിയിച്ചു കഴിഞ്ഞു.

ദിശതെറ്റിയ പട്ടം പോലെ കേസും കൂട്ടവും തമ്മിൽത്തല്ലുമായി അലയുന്ന ഇപ്പോഴത്തെ അണ്ണാ‍ഡിഎംകെയ്ക്കുള്ള അടുത്ത അടിയാണ് ആ റിപ്പോർട്ടെന്നു വിശ്വസിക്കുന്നവരാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ള ഏറെപ്പേരും. സ്റ്റാലിൻ വടി വെട്ടാൻ പോയിട്ടുണ്ടെങ്കിൽ അടി നിശ്ചയം എന്നു വേണമെങ്കിൽ തമിഴ് സിനിമാ സ്റ്റൈലിൽ പറയാം. എന്തു തന്നെയായാലും കാത്തിരുന്നു കാത്തിരുന്ന് ജയയുടെ മരണത്തിനു പിന്നിലെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ‘തമിഴ്നാട് തലൈവർ’ സ്റ്റാലിനു മുന്നിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു മുന്നിലെത്തുന്ന റിപ്പോർട്ടിലുണ്ടാകും തമിഴകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ചിലത്. എങ്ങനെയാണ് ജയ മരിച്ചത്? ജയലളിതയ്ക്ക് വേണ്ടി ചെലവിട്ടതെന്നു പറയുന്ന കോടികൾക്കു സംഭവിച്ചതെന്താണ്? എന്തുകൊണ്ടാണ് ഏറ്റവുമധികം ആരോപണം ഉന്നയിച്ച ഒ.പനീർസെൽവം അവസാന നിമിഷം ശശികലയ്ക്കു ‘ക്ലീൻ ചിറ്റ്’ നൽകി മലക്കം മറിഞ്ഞത്? മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനു പിന്നാലെ ആറുമുഖം കമ്മിഷൻ റിപ്പോർട്ട് കൂടിയെത്തുന്നതോടെ തമിഴ്‌‍നാട് രാഷ്ട്രീയം ഇളകിമറിയുമോ? സ്റ്റാലിനെതിരെ ശക്തിപ്രകടനത്തിന് ഒരുങ്ങുന്ന അണ്ണാഡിഎംകെയെ തകർക്കാൻ പോന്നതായിരിക്കുമോ കമ്മിഷൻ റിപ്പോർട്ട്?

റിപ്പോർട്ട് പുറത്ത് വരുന്നതോടെ തമിഴക രാഷ്ട്രീയത്തിൽ എന്തൊക്കെ സംഭവങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Advertisement