കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണം: ഉപരാഷ്ട്രപതി
കേരളത്തില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാരാകാന്‍ പാടില്ലെന്നും പരിസ്ഥിതിക്കൊപ്പം വികസനവും ഉറപ്പാക്കണമെണും അദ്ദേഹം ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചു. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതുകൊണ്ടാണ് നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുന്നത്. കൃത്യമായ ഇടവേളകളില്‍ നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യണം. അദ്ദേഹം നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ സ്പെഷ്യലിസ്റ്റ് സേവനം: ആരോഗ്യമന്ത്രി
സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ സ്പെഷ്യലിസ്റ്റ് സേവനത്തിന് ആവശ്യമായ നിയമനങ്ങള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളും മറ്റ് ഒഴിവുകളും നികത്താമെന്നും പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയെന്ന് കെജിഎംഒഎ അറിയിച്ചു.
വിദ്യാലയങ്ങള്‍ ഇന്നു തുറക്കും; എട്ടാം ക്ലാസ് മലയാളം പരീക്ഷ നാളെ
ഓണാവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. എട്ടാം ക്ലാസുകാര്‍ക്ക് 21 ന് നടത്തേണ്ടിയിരുന്ന മലയാളം പരീക്ഷ നാളെ നടത്തും.
മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണമാണ് പരാജയകാരണം: പിണറായി വിജയന്‍
മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാര്‍ട്ടി വിട്ടവരരുണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിനു കാരണമെന്ന് പിണറായി വിജയന്‍. തളിപ്പറമ്പില്‍ സംഘടിപ്പിച്ച സി പി എം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി. പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ഉദ്ദേശം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചതെന്നും പിണറായി.
സിപിഎം ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്ന് വി. കുഞ്ഞികൃഷ്ണന്‍
സിപിഎം ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്ന് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കി. എന്നാല്‍ അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായി വിജയനും ജില്ലാ സെക്രട്ടറി രാഗേഷും നടത്തിയത്. മാസപ്പടി കേസില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം തയ്യാറായില്ലെന്നും പാര്‍ട്ടി സ്വയം അപഹാസ്യമാകുകയാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കോട്ടയത്ത് കോഴയും മാസപ്പടിയും വാങ്ങിയ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കോട്ടയത്തെ ബാറുകളില്‍നിന്നു കോഴയും മാസപ്പടിയും വാങ്ങിയെന്ന് ആരോപിച്ച് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവില്‍ എക്സൈസ് ഓഫീസര്‍ വിശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റേതാണ് നടപടി.
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് അധിക്ഷേപിച്ച കേസില്‍ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മന:പ്പൂര്‍വം ആക്ഷേപിക്കാന്‍ ഗുഢാലോചന നടത്തിയതായാണ് സംശയം. കൂടുതല്‍ പേരുടെ പങ്കാളിത്തവും അന്വേഷിക്കും.
നേപ്പാളിലെ മിന്നല്‍ പ്രളയം: എറണാകുളം സ്വദേശി ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹന്‍ ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി.
തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറക്കം
ഓണാഘോഷങ്ങളും കലാവിരുന്നുകളും തീര്‍ത്ത ഉത്സവലഹരിക്ക് തലസ്ഥാന നഗരിയില്‍ കൊടിയിറക്കം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, സി പി ജോണ്‍, കെ എ തുളസി, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേദിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു.
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം: കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം
കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.
ആശാലതയുടെ ആത്മഹത്യ: ജോലി സമ്മര്‍ദ്ദമോ സ്ഥലംമാറ്റമോ കാരണമല്ലെന്ന് റിപ്പോര്‍ട്ട്
കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യക്കു കാരണം ജോലി സമ്മര്‍ദ്ദമോ സ്ഥലംമാറ്റമോ അല്ലെന്ന് അന്വേഷണം നടത്തിയ എഡിഎം, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുത് എന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഖുറാന്‍ പഠിപ്പിക്കുന്നത് അങ്ങനെയാണെന്നും കൊച്ചിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ കാന്തപുരം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹം പറഞ്ഞു.
സവാളക്ക് പൊള്ളുന്ന വില
സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാര്‍ക്കറ്റില്‍ കിലോക്ക് വില 60 മുതല്‍ 80 വരെ രൂപയാണ്. ഓണക്കാലത്ത് ഉയര്‍ന്ന വില, ഓണം കഴിഞ്ഞിട്ടും കുറഞ്ഞില്ല.
മോട്ടോര്‍ വാഹന വകുപ്പ് 60 പരിവാഹന്‍ സേവനങ്ങള്‍ ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു
ഇടനിലക്കാരുടെ ചൂഷണം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് 60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കാനും വേഗത്തില്‍ തീര്‍പ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.
ആറന്മുള ഉതൃട്ടാതി ജലമേള: മേലുകരയും കോറ്റാത്തൂര്‍ കൈതക്കോടിയും ജേതാക്കള്‍
ആറന്മുള ഉതൃട്ടാതി ജലമേളയില്‍ മേലുകരയും കോറ്റാത്തൂര്‍ കൈതക്കോടിയും ജേതാക്കള്‍. എ ബാച്ചില്‍ മേലുകര തുടര്‍ച്ചയായി രണ്ടാം വിജയം നേടിയപ്പോള്‍ ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടിക്ക് ഹാട്രിക് ആണ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ജലമേള ഉദ്ഘാടനം ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമന്‍ സമ്മാനം നല്‍കുന്നതില്‍ രക്ഷിതാവിന്റെ പ്രതിഷേധം
നീന്തല്‍ മത്സരജേതാവായ പെണ്‍കുട്ടിക്ക് കൃഷി വകുപ്പു ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മാനം നല്‍കുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാവ്. കോഴിക്കോട് സ്‌പോര്‍ട്‌സ് കോംപ്ളക്സില്‍ സമ്മാനം നല്‍കുന്നതിനിടെ തന്റെ മകള്‍ക്ക് ഒരു കൊലയാളി സമ്മാനം കൊടുക്കേണ്ടെന്നു രക്ഷിതാവ് വിളിച്ചു പറഞ്ഞു. സിറാജ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ട്രെയിലര്‍ സഹിതം ഡ്രൈവര്‍ പിടിയില്‍
രണ്ടു പേരുടെ മരണത്തിനിടയാക്കിയ ട്രെയിലര്‍ തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടു പോയ ഡ്രൈവര്‍ ട്രെയ്ലര്‍ സഹിതം പിടിയിലായി. അപകടമുണ്ടായ ഉടന്‍ ട്രയിലര്‍ റോഡിലിട്ട് ഡ്രൈവര്‍ മുങ്ങിയിരുന്നു. സീപോര്‍ട്ട് എയര്‍പോര്‍ച്ച് റോഡില്‍ പോലീസ് കസ്റ്റഡിയിലാക്കിയ ട്രയ്ലര്‍ ഡ്രൈവര്‍ ഭുവനേശ്വര്‍ മിശ്ര സ്പെയര്‍ കീയുമായെത്തി ഓടിച്ചു കൊണ്ടുപോവുകയായിരുന്നു. പൊലീസ് സിസിടിവി ഉള്‍പ്പടെ പരിശോധിച്ച് പിന്നാലെ പിടികൂടുകയായിരുന്നു.
ബേപ്പൂര്‍ മണ്ഡലത്തിലെ പരാജയം പഠിക്കാന്‍ കോണ്‍ഗ്രസ് സമിതി
നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂര്‍ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂര്‍ തോല്‍വിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാര്‍ഥിയായിരുന്ന പി വി അന്‍വാണ് ആവശ്യപ്പെട്ടത്.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നാടകീയ രംഗങ്ങള്‍
ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് എത്തിയ യാത്രക്കാരോട് അങ്ങനെ ഒരു ബസ് ഇല്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍
ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ബോട്ടുകള്‍ പിടികൂടി
കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് പട്രോളിങ് സംഘം പിടികൂടി. പിടികൂടിയ ബോട്ടുകളില്‍ കേരളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി പത്രവും ഉണ്ടായിരുന്നില്ല.
വന്ദേമാതരം മുഴുവനായി ആലപിച്ചത് ആര്‍.എസ്.എസുമായി ഉണ്ടാക്കിയ അന്തര്‍ധാര മൂലമെന്ന് എം.വി. ഗോവിന്ദന്‍
ഉപരാഷ്ട്രപതി പങ്കെടുത്ത ഓണാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ഉണ്ടാക്കിയ അന്തര്‍ധാര മൂലമാണൈന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരം: എ കെ ബാലന്‍
തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരമാണെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. രാജ്യത്ത് ഇതിന് മുമ്പ് എവിടെയും നടക്കാത്ത സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ വീഡിയോ ഫോറന്‍സിക് പരിശോധന
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ വീഡിയോ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കും.
അമിത് ഷായുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. വികസിത കേരളം ബ്ലൂപ്രിന്റിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം; യുവാവ് കിണറ്റില്‍ വീണു മരിച്ചു
പത്തനംതിട്ട ഇരവിപേരൂരില്‍ മദ്യപാനത്തിനൊടുവില്‍ യുവാവ് കിണറില്‍ വീണു മരിച്ചു. ജുവല്‍ ജോണ്‍ എന്ന യുവാവാണ് മരിച്ചത്. കൂടെയിരുന്നു മദ്യപിച്ച സുഹൃത്തുക്കളായ വൈശാഖും ജോജോയും തിരുവല്ല പോലീസ് കസ്റ്റഡിയില്‍. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും കയ്യേറ്റവുമുണ്ടായെന്നാണ് വിവരം.
ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയില്‍ അന്തരിച്ചു
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയര്‍മാനുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയില്‍ അന്തരിച്ചു. 88 വയസായിരുന്നു.
എസ്എഫ്ഐ അപലപിച്ചു
സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ.
ക്രിപ്റ്റോ തട്ടിപ്പ് പരാതിയില്‍ ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ കേസ്
കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോര്‍ജിനെതിരെ ക്രിപ്റ്റോ തട്ടിപ്പ് പരാതിയില്‍ പോലീസ് കേസെടുത്തു. 99 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് യുകെ മലയാളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസടുത്തത്.
എവറസ്റ്റ്, ലാല്‍ജീ ഗോധു കായം വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു
ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എവറസ്റ്റ്, ലാല്‍ജീ ഗോധു എന്നിവയുടെ കായം വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു. കായത്തില്‍ നിലവില്‍ വേണ്ടതിനേക്കാള്‍ കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ സോള്യൂബിള്‍ എക്സ്ട്രാക്റ്റും ഉയര്‍ന്ന അളവില്‍ സ്റ്റാര്‍ച്ചും കണ്ടെത്തിയത് നടപടിക്ക് കാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. കിര്‍ഗിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണു കൂടിക്കാഴ്ച. സെപ്റ്റംബര്‍ 12 ന് ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിന്‍പിങ് ഇന്ത്യയില്‍ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലെ വിഷയങ്ങള്‍ കിര്‍ഗിസ്ഥാനില്‍ മോദിയും ഷിയും ചര്‍ച്ച ചെയ്യും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെയും മോദി കാണുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണം ആശങ്ക ഉണര്‍ത്തുതാണെന്ന് ചിരാഗ് പാസ്വാന്‍
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ നടന്ന ‘ശുദ്ധീകരണം’ ആശങ്ക ഉണര്‍ത്തുതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധീകരണത്തെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് പാസ്വാന്റെ പ്രതികരണം.
വേദിയിലെ ശുദ്ധീകരണത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത
ഉത്തരാഖണ്ഡില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ നടന്ന ‘ശുദ്ധീകരണം’ നടത്തിയതിനെ ന്യായീകരിച്ചും സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടും കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടേതാണെന്നും പരിപാടിക്കിടെ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് സംഘടന അവിടെ ശുദ്ധികലശം നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അഴിമതിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ വീഡിയോ വൈറല്‍
അഴിമതിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്ത ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗസിലര്‍മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
കൊല്‍ക്കത്ത ലയണല്‍ മെസി ഇവന്റ് ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് സുവേന്ദു അധികാരി
കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റിലെ ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. 33,000 ആരാധകര്‍ക്ക് സംസ്ഥാനത്തിന്റെ കായിക ബജറ്റില്‍ നിന്നു പണം തിരികെ നല്‍കുമെന്നും, കായിക രംഗം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടകത്തില്‍ വനിതാ മന്ത്രിമാര്‍ ഇല്ലാത്തതിനെ ചൊല്ലി രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയ
കര്‍ണാടകത്തില്‍ വനിതാ മന്ത്രിമാര്‍ ഇല്ലാത്തതിനെ ചൊല്ലി രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയ. 34 അംഗങ്ങളുള്ള കര്‍ണാടക മന്ത്രിസഭയില്‍ നിലവില്‍ ഒരു വനിത പോലുമില്ല. വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നയാള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം.
സാങ്കേതിക തകരാര്‍ മൂലം ജയ്പൂരില്‍ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു
സാങ്കേതിക തകരാര്‍ മൂലം ജയ്പൂരിലെ സീതാപുര സെന്ററില്‍ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ഓണ്‍ലൈനായിട്ടായിരുന്നു പരീക്ഷ. സെര്‍വര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജയ്പൂരിലെ ഒരു സെന്ററില്‍ സെപ്റ്റംബര്‍ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു.
എം കെ സ്റ്റാലിന്റെ സുരക്ഷ കുറച്ചു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ വിജയ് സര്‍ക്കാര്‍ കുറച്ചു. ഇസഡ് പ്ലസ് വിഭാഗത്തില്‍ നിന്ന് സ്റ്റാലിന്റെ സുരക്ഷ ഇസഡിലേക്ക് മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നെങ്കില്‍ ഇപ്പോഴത് 34 ആയി കുറച്ചു.
ഡല്‍ഹിയില്‍ എച്ച്1എന്‍1 കേസുകള്‍ വര്‍ദ്ധിക്കുന്നു
ഡല്‍ഹിയില്‍ എച്ച്1എന്‍1 കേസുകള്‍ വര്‍ദ്ധിക്കുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറിയ കുട്ടികള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്കു രോഗം സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്.
ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരായ ശുദ്ധീകരണ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ഡല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം.
മേഘാലയയില്‍ വാഹന പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ആയുധധാരികള്‍ വെടിയേറ്റു മരിച്ചു
മേഘാലയയില്‍ വാഹന പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ആയുധധാരികളെ പോലീസ് വെടിവച്ചു കൊന്നു. ഈസ്റ്റ് ഗാരോ ജില്ലയിലാണ് വാഹന പരിശോധനയ്ക്കിടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തു. പോലീസ് ഉടനേ തിരിച്ചു വെടിവച്ച് നാലുപേരേയും കൊലപ്പെടുത്തുകയായിരുന്നു.
കര്‍ണാടകയിലെ ട്രെയിനില്‍ യുവതിയുടെ അര്‍ധ നഗ്ന മൃതദേഹം കണ്ടെത്തി
കര്‍ണാടകയിലെ ധാര്‍വാഡിലെ റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്ന മൃതദേഹം കണ്ടെത്തി. സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നാണ് സംശയം.
കാര്‍ഗില്‍ മേഖലയില്‍ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് ഇന്ത്യന്‍ സൈന്യം
ലഡാക്കിലെ കാര്‍ഗില്‍ മേഖലയിലുള്ള നണ്‍കുന്‍ മലനിരകളില്‍ 18,600 അടി ഉയരത്തില്‍ ട്രക്കിങിനിടെ പരിക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം. കുത്തനെയുള്ള മഞ്ഞുമലയില്‍ ഹെലികോപ്റ്റര്‍ ഇറക്കി, പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ചാണ് ആര്‍മി ഏവിയേഷന്‍ പൈലറ്റുമാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഉസ്‌ബെക്കിസ്ഥാനില്‍ നിന്നു യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു
ഉസ്‌ബെക്കിസ്ഥാനില്‍ നിന്നു യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവും തമ്മില്‍ താഷ്‌ക്കെന്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉസ്‌ബെക്കിസ്താനില്‍ 30 ദിവസം വിസയില്ലാതെ തങ്ങാമെന്നും ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്‍ ഓര്‍ഡര്‍ ഓഫ് ദ ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്’ ബഹുമതി സമ്മാനിച്ചു.
നേപ്പാളിലെ മിന്നല്‍ പ്രളയം: മരിച്ചവരുടെ ഔദ്യോഗിക എണ്ണം 700 കടന്നു
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു. 2,500 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം
ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ വീണ്ടും യു.എസ് വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചത്. ഹോര്‍മുസില്‍ കടല്‍മൈനുകള്‍ വിന്യസിക്കാന്‍ ഇറാന്‍ റോക്കറ്റുകള്‍ തയ്യാറാക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ആക്രമണം.
സ്റ്റാർഷിപ്പിന്റെ അടുത്ത വിക്ഷേപണത്തിനു മുന്നോടിയായി നിര്‍ണായക പരീക്ഷണം പൂര്‍ത്തിയാക്കി സ്പേസ് എക്സ്
ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ അടുത്ത വിക്ഷേപണത്തിനു മുന്നോടിയായി സ്പേസ് എക്സ് നിര്‍ണായക പരീക്ഷണം പൂര്‍ത്തിയാക്കി. ഫ്ലൈറ്റ് 14-ന്റെ ഭാഗമായ സൂപ്പര്‍ ഹെവി ബൂസ്റ്ററിലെ 33 എന്‍ജിനുകളും ഒരുമിച്ച് ജ്വലിപ്പിച്ചുള്ള സ്റ്റാറ്റിക് ഫയര്‍ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.
യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമം
യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ രാജ്യത്തെ റിഫൈനറികള്‍ തകര്‍ന്നതോടെ റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ പെട്രോള്‍ ഇറക്കുമതി ചെയ്താണ് ഇന്ധനക്ഷാമം പരിഹരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം കടല്‍മാര്‍ഗ്ഗമുള്ള റഷ്യയുടെ പെട്രോള്‍ ഇറക്കുമതി മാസത്തില്‍ ഏകദേശം 4.70 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് തലത്തിലെത്തി.
ബദല്‍ കപ്പല്‍പാതയായി ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള ‘ഐസ് സില്‍ക്ക് റോഡ്’
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ആഗോള ചരക്കുഗതാഗതം അപകടകരമായിരിക്കേ, ബദല്‍ കപ്പല്‍പാതയായി ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള ‘ഐസ് സില്‍ക്ക് റോഡ്’ മാറുന്നു. ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലെ പ്രധാന കണ്ണിയായ ഈ പാത റഷ്യയെ ചുറ്റി യൂറോപ്പിലേക്കും എത്തും. സ്യൂയസ് കനാല്‍ വഴിയുള്ള യാത്രയെക്കാള്‍ സമയം ഗണ്യമായി കുറയ്ക്കാമെന്നാണു റിപ്പോര്‍ട്ട്.
ഇറാന്‍ – റഷ്യ പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തും
കിര്‍ഗിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
ഇസ്രയേല്‍ മുന്നറിയിപ്പ്
അമേരിക്കയുമായി കരാറിലെത്തിയാലും, അണ്വായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേല്‍.
കെസിഎല്‍: ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക്
കെസിഎലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാണ്‍ഡ്രം റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത സെയ്ലേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദാണ് കളിയിലെ താരം. മറ്റൊരു മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍ എട്ടു വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലു ടൈഗേഴ്സിനെ പരാജയപ്പെടുത്തി.
ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം കിരീടം ജര്‍മനി നിലനിര്‍ത്തി
ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം കിരീടം ജര്‍മനി നിലനിര്‍ത്തി. വാവ്‌റെയിലുള്ള ബെല്‍ഫിയസ് ഹോക്കി അരീനയില്‍ നടന്ന കലാശപ്പോരില്‍ സ്‌പെയിനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ജര്‍മനി കിരീടം നിലനിര്‍ത്തിയത്.
ഓഹരി വിപണിയില്‍ വന്‍ഇടിവ്
ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.13 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 276 പോയിന്റ് ആണ് താഴ്ന്നത്. ഭാരതി എയര്‍ടെലിന് മാത്രം 40,500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 11,74,462 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 40,056 കോടിയുടെ ഇടിവാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക് 11,558 കോടി, ബജാജ് ഫിനാന്‍സ് 10,086 കോടി, എല്‍ ആന്റ് ടി 6,473 കോടി, എല്‍ഐസി 3,162 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ടിസിഎസിന് മാത്രം വിപണി മൂല്യത്തില്‍ 16,643 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
വാട്‌സ്ആപ്പ് മോണിറ്ററിങ് വ്യാജ സന്ദേശം പ്രചരിക്കുന്നുവെന്ന് പിഐബി ഫാക്ട് ചെക്ക്
പുതിയ വാട്‌സ്ആപ്പ് മോണിറ്ററിങ് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി എന്ന പേരിലുള്ള സന്ദേശമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, എല്ലാ കോള്‍ റെക്കോര്‍ഡിങ്ങുകളും സേവ് ചെയ്യുന്നുണ്ട്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി എന്നിങ്ങനെ 11 നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം. കൂടാതെ ഉദ്യോഗസ്ഥര്‍ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കുമ്പോഴും നിയമനടപടി സ്വീകരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് ചുവന്ന ടിക്ക് മാര്‍ക്ക് കാണാന്‍ സാധിക്കുമെന്നും സന്ദേശം അവകാശപ്പെടുന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് യൂണിറ്റിന്റെ സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ പരിശോധന കൂടാതെ ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.
ദുല്‍ഖര്‍ സല്‍മാന്റെ ‘ഐ ആം ഗെയിം’ സിനിമയുടെ മ്യൂസിക് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ചിത്രത്തിന്റെ മ്യൂസിക് അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബര്‍ 3 ന് ആഗോള റിലീസായി എത്തും. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ‘ലോക’യ്ക്ക് ശേഷം വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്.
ലോകേഷ് കനകരാജ് അഭിനയിച്ച ‘ഡി.സി’ ഒ.ടി.ടി. റിലീസിന്
സംവിധായകന്‍ ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘ഡി.സി’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. തിയേറ്ററില്‍ വന്‍ഹിറ്റായി മാറിയ ചിത്രം സെപ്റ്റംബര്‍ നാലുമുതല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിക്കും. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം ‘സണ്‍ എന്‍എക്‌സ്ടി’യിലാണ് സ്ട്രീം ചെയ്യുക. ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ തമിഴ് റൊമാന്റിക്- ആക്ഷന്‍ ഡ്രാമയില്‍ ‘ദേവദാസ്’ എന്ന കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് അവതരിപ്പിച്ചത്. വാമിഖ ഗബ്ബി, സഞ്ജന എ.കെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശരത് ചന്ദ്ര ചത്തോപാധ്യായ്യുടെ പ്രശസ്തമായ ‘ദേവദാസ്’ എന്ന നോവലിന്റെ ആധുനിക പശ്ചാത്തലത്തിലുള്ള ആവിഷ്‌കാരമാണ് ചിത്രം. തമിഴിന് പുറമെ, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം ഒ.ടി.ടിയിലെത്തും.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ജിയോ-ബിപിയും കൈകോര്‍ക്കുന്നു
ഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് സൗകര്യം കൂടുതല്‍ വിപുലമാക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ജിയോ-ബിപിയും കൈകോര്‍ക്കുന്നു. ജിയോ-ബിപിയുടെ പള്‍സ് ചാര്‍ജിങ് ശൃംഖല ഹ്യുണ്ടായിയുടെ മൈഹ്യുണ്ടായ് ആപ്പുമായി സംയോജിപ്പിക്കും. ഇതോടെ മൈഹ്യുണ്ടായ് ആപ്പ് ഉപയോഗിച്ച് ജിയോ-ബിപി പള്‍സ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താനും ലഭ്യത പരിശോധിക്കാനും ചാര്‍ജിങ് സേവനം ഉപയോഗിക്കാനും സാധിക്കും. ഇതോടെ മൈഹ്യുണ്ടായ് ആപ്പിലൂടെ ലഭ്യമാകുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം 37,000ലധികമായി. ഹ്യുണ്ടായിയുടെ ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളും ഘട്ടംഘട്ടമായി ജിയോ-ബിപി പള്‍സ് ചാര്‍ജ് പ്രോ ആപ്പില്‍ ഉള്‍പ്പെടുത്തും. ഏത് വാഹന നിര്‍മാതാവിന്റെ ഇലക്ട്രിക് വാഹനമുള്ളവര്‍ക്കും മൈഹ്യുണ്ടായ് ആപ്പിലൂടെ ലഭ്യമായ പൊതു ചാര്‍ജിങ് പോയിന്റുകള്‍ കണ്ടെത്താനും ഉപയോഗിക്കാനും സാധിക്കും.
എന്റെ ഉമ്മച്ചി സൂപ്പറാണ്: പുതിയ പുസ്തകം
ജീവിതത്തിന്റെ അവസാനിക്കാത്ത പ്രതിസന്ധികളോട് പ്രതീക്ഷ നശിക്കാത്ത മനസ്സോടെ പോരാടിയ ഒരമ്മയുടെയും മകന്റെയും അതിജീവന കഥ. ഒന്നിന് പിന്നാലെ ഒന്നായി തങ്ങളെ തേടി വന്ന പ്രതിസന്ധങ്ങളുടെ മഹാപെയ്ത്തില്‍ ജീവിതവും സ്നേഹവും പ്രതീക്ഷയും കൈമോശം വന്നു പോകാതെ, മൂല്യങ്ങള്‍ മുറുകെപ്പിടിച്ച മനുഷ്യരുടെ ജീവിത പോരാട്ടമാണ് ഈ ഓര്‍മ്മ പുസ്തകം. ജീവിതം വേദനിപ്പിച്ചവരും, ഒറ്റപ്പെടുത്തിയവരും ഉറപ്പായും ഈ പുസ്തകം വായിക്കണം. വേദനിക്കുന്ന മനുഷ്യരുടെയും ഒറ്റപ്പെട്ട മനുഷ്യരുടെയും മുറിവുകളെ ഈ ഓര്‍മ്മകള്‍ തലോടും. സാന്ത്വനമാകും. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാവട്ടെ ഈ പുസ്തകം വെളിച്ചം നല്‍കും. ‘എന്റെ ഉമ്മച്ചി സൂപ്പറാണ്’. ആച്ചി എരമരം. പ്രവ്ധ ബുക്സ്. വില 275 രൂപ.
കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാം. വയറുവീക്കം, ദഹനക്കുറവ്, ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില ഉള്‍പ്പെടുത്തുന്നത് സഹായകരമായേക്കാം. പ്രമേഹരോഗികള്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന കേടുപാടുകള്‍ കുറയ്ക്കും. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. കാഴ്ചയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ പ്രധാനപ്പെട്ട പോഷകമാണ്. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങളും സസ്യസംയുക്തങ്ങളും ശരീരത്തിന്റെ പൊതുആരോഗ്യത്തിന് പിന്തുണ നല്‍കാം. ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തിന് പോഷകസമൃദ്ധമായ ഭക്ഷണം, മതിയായ ഉറക്കം, ശാരീരിക പ്രവര്‍ത്തനം, സമ്മര്‍ദ നിയന്ത്രണം എന്നിവയെല്ലാം പ്രധാനമാണ്. പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിലെ ഒരു ചെറിയ ഘടകമായി കറിവേപ്പിലയെ ഉള്‍പ്പെടുത്താം.





























