സ്‌പെയിന്‍ ലോക ചാമ്പ്യന്മാര്‍
ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ രണ്ടാം ലോകകിരീടമുയർത്തി. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരുമായാണു പൊരുതിയത്. നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയത്. 2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിനുശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് സ്പെയിൻ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ സ്പെയിൻ ആക്രമിച്ചു കളിച്ചപ്പോൾ അർജന്റീന പ്രതിരോധത്തിലായിരുന്നു. കളിയിൽ 20 ഷോട്ടുകൾ സ്പെയിൻ ഉതിർത്തപ്പോൾ മൂന്ന് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ഇന്നു സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് അവധി പ്രഖ്യാപിക്കാൻ നിർദേശം നൽകിയത്. കേരള-കാലിക്കറ്റ് സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുലരുംവരെ ലോക കപ്പ് ഫൈനൽ മത്സരം കണ്ട് രാവിലെ വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നതു പ്രായോഗികമല്ലെന്നും അവധി നൽകണമെന്നും മന്ത്രിമാരും മുൻമന്ത്രിമാരും അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്ക – ഇറാൻ സംഘർഷം: ആണവനിലയത്തിന് നേരെയും ആക്രമണം
ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യു എസ് ഇറാനിലെ ഡാർകോവിൻ ആണവനിലയത്തിലടക്കം ആക്രമണം നടത്തി. ഇറാനിൽ നടത്തിയ വ്യാപക മിസൈൽ ബോംബിംഗിൽ തീര നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സംവിധാനങ്ങൾ, മിസൈൽ – ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടു.
ടാറ്റാ പദ്ധതി വിവാദം: പ്രതികരണവുമായി പി. രാജീവ്
ടാറ്റാ പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 29 നു ചർച്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട മന്ത്രി കുഞ്ഞാലിക്കുട്ടിക്കു മറുപടിയുമായി മുൻ വ്യവസായ മന്ത്രി പി രാജീവ്. എൽ ഡി എഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുക മാത്രമല്ല, ജോലികൾ തുടങ്ങുകയും ചെയ്തിരുന്നെന്നു രാജീവ് പ്രതികരിച്ചു.
തിരുവനന്തപുരം വെമ്പായം ബാറിൽ ഏറ്റുമുട്ടൽ; തീവെപ്പ്
തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വെമ്പായം ശ്രീവത്സവം ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലാണ് അടിപിടിയും തീവയ്പുമുണ്ടായത്. തർക്കത്തിനിടയിൽ സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) പെട്രോൾ വാങ്ങി വന്ന് തീ കൊളുത്തുകയായിരുന്നു.
പ്ലീഡർ നിയമന വിവാദം: കെപിസിസി നിലപാട്
സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ എസ് യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വേണ്ടെന്ന് കെപിസിസി. സമൂഹ്യ മാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം.
പ്ലീഡർ നിയമന മാനദണ്ഡം വ്യക്തമാക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്
സംഘടനയുടെ സജീവ പ്രവർത്തകയല്ലാത്ത ജിയോണ ജെയിംസിനെ പ്ലീഡറായി നിയമിച്ചതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.കെ. അബ്ദുറഹമാൻ.
കെഎസ്യു അധ്യക്ഷനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച
കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിച്ചിരുന്നു.
പ്ലീഡർ നിയമന വിവാദം: അബ്ദുറഹ്‌മാനെതിരെ മുൻ അധ്യക്ഷൻ
മുഖ്യമന്ത്രി വി ഡി സതീശനെ താറടിക്കാനാണ് ഇപ്പോഴത്തെ പ്ലീഡർ നിയമന വിവാദമെന്ന് ലോയേഴ്സ് കോൺഗ്രസ് മുൻ അധ്യക്ഷൻ അഡ്വ. ചന്ദ്രശേഖരൻ ആരോപിച്ചു. നിയമന ലിസ്റ്റിൽപ്പെട്ട ശരതും ജിയോണയും സംഘടനയുടെ സജീവ പ്രവർത്തകരാണ്. അനധികൃതമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന അബ്ദുറഹ്‌മാനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി
ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ പിന്നീട് വിശദീകരിച്ചു.
പൊതിച്ചോർ വിതരണം തടയുന്നതിനെതിരെ പിണറായി വിജയൻ
സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം തടയാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനകീയ പദ്ധതിയെ തകർക്കുന്നത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും, ആരോഗ്യമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൊതിച്ചോർ വിവാദം: മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് പി.എ മുഹമ്മദ് റിയാസ്
പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ അഡ്വ പി.എ മുഹമ്മദ് റിയാസ്. ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിൽ കെ മുരളീധരന്റെ നിലപാടിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു.
പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ
പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറിൽ മന്ത്രി മണ്ണ് വാരിയിടുന്നുവെന്നും മന്ത്രിക്ക് ധിക്കാരത്തിന്റെ ഭാഷയാണെന്നും പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കാണിച്ചിട്ടില്ലെന്നും വികെ സനോജ് പറഞ്ഞു.
ഹണി ട്രാപ്പ് കേസ്: ഒന്നാം പ്രതിക്ക് ജാമ്യം
വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന ഹണി ട്രാപ്പ് കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കുടുംബ വഴക്കാണു കാരണവുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പോലീസാണു കേസെടുത്തത്.
ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം
വിഎസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്നു സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചതു വിവാദമായി. കെ.വി. സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടുള്ള വാരാന്തപ്പതിപ്പ് ഇന്നു പ്രസിദ്ധീകരിക്കുമെന്ന് എം സ്വരാജ്. എന്നാൽ വാരാന്തപ്പതിപ്പിന്റെ അവസാന പേജിൽ ടി.സി. രാജേഷ് എഴുതിയ ‘കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടുള്ള ലേഖനത്തിലെ കള്ളൻ വിജയൻ എന്ന പരാമർശമാണ് വാരാന്തപ്പതിപ്പു പിടിച്ചുവെക്കാൻ കാരണമായതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം.
ദേശാഭിമാനി നടപടിയിൽ പ്രതികരണവുമായി പി രാജീവ്
വിഎസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വി എസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
കുംഭമേള വൈറൽ പെൺകുട്ടി പൊലീസിന് മുന്നിൽ
സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി പൊലീസിന് മുന്നിലെത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെൺകുട്ടി എത്തിയത്. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.
എൻഎസ്എസ് നേതൃത്വത്തിനെതിരെ കെബി ഗണേഷ് കുമാർ
നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിലെ ഏകാധിപത്യ പ്രവണത താനേ തകരുമെന്നു കെബി ഗണേഷ് കുമാർ. എൻഎസ്എസ് നേതൃത്വത്തിൽ ഉടച്ചുവാർക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു ഗണേഷിന്റെ മറുപടി.
പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ് ഡൽഹിയിലേക്ക്
രാജ്യത്തെ സാമൂഹിക പ്രതിസന്ധികളിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് ഡൽഹിയിലേക്ക്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ വിയോജിപ്പും സങ്കടവും രേഖപ്പെടുത്തിയിരുന്ന രഞ്ജിനി, അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയോ ചർച്ചയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് പ്രതിഷേധ സ്ഥലത്തേക്ക് തിരിച്ചത്.
കേരളത്തിൽ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്
കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ ചമച്ച് പണപ്പിരിവ്; ഒരാൾ പിടിയിൽ
പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്സണൽ അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തി പണപ്പിരിവിന് ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
കളമശേരി പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു
മോഷണക്കേസിലെ പ്രതി വൈദ്യപരിശോധനയ്ക്കിടെ കളമശേരി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ആസാം സ്വദേശി അബ്ദുൽ അലി (24) ആണ് പുലർച്ചെ രണ്ടോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് വിലങ്ങുമായി പൊലീസിനെ വെട്ടിച്ച് കടന്നത്.
നിലമ്പൂരിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു
നിലമ്പൂർ ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീ ആളിപ്പടർന്നതിനെ തുടർന്ന് സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. നിലമ്പൂർ സി.എൻ.ജി റോഡിലെ അൽ ഐൻ കണ്ണാശുപത്രിക്കു സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിനാണ് തീപിടിച്ചത്.
സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിലേക്ക് തൃണമൂൽ കോൺഗ്രസ് വിമതപക്ഷത്തെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രതീകാത്മകമായ പ്രതിഷേധത്തിനു ശേഷം പ്രതിപക്ഷ അംഗങ്ങൾ പിന്നീട് തിരിച്ചെത്തി യോഗത്തിൽ പങ്കെടുത്തു.
അയോധ്യ ക്ഷേത്രക്കൊള്ള: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
അയോധ്യ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നു തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയത്. അയോധ്യ ക്ഷേത്രക്കൊള്ളയിൽ പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പുകൂടിയാണ് രാഹുൽ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
രാജ്യസഭാ എംപിമാരുടെ ആനുകൂല്യങ്ങൾക്കായി കേന്ദ്രം ചിലവഴിച്ചത് 262 കോടിയിലധികം രൂപ
രാജ്യത്തെ സിറ്റിംഗ് രാജ്യസഭാ എംപിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രം ചിലവഴിച്ചത് 262 കോടിയിലധികം രൂപ. ഇതിൽ 151 കോടിയിലധികം രൂപയും എംപിമാരുടെ യാത്രകൾക്കും അലവൻസുകൾക്കുമാണ് ചിലവിട്ടതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; പത്ത് മരണം
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ പത്ത് പേർ മരിച്ചു. നദികൾ കരകവിഞ്ഞു. ടൗണിന്റെ മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങി. നൂറുകണക്കിന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി
ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തുടർചികിത്സ വേണമെന്നും സഫ്ദർജങ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം സോനം വാങ്ചുക്ക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്.
മധ്യപ്രദേശിൽ ഏകീകൃത സിവില്‍ കോഡ് ബിൽ
മധ്യപ്രദേശിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ ബിജെപി സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവില്‍ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ചെന്നൈ അമ്മ കാന്റീനുകളിൽ സന്ദർശക വർദ്ധന
തമിഴ്‌നാട് സർക്കാരിന്റെ ചെന്നൈയിലെ ‘അമ്മ കാന്റീനുകളിൽ’ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധന. സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന ഈ പദ്ധതി പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് ശേഷമുള്ള മാസങ്ങളിൽ ദിനംപ്രതിയുള്ള ജനപങ്കാളിത്തത്തിൽ 55 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ തടവ് ശിക്ഷ: ബിൽ രാജ്യസഭയിൽ
വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ല് ഇന്നു രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്ല് അവതരിപ്പിക്കുക.
ഉത്തരാഖണ്ഡിൽ മരങ്ങൾ മുറിക്കാനുള്ള തീരുമാനം മരവിപ്പിച്ചു
ഭാനിയാവാല – ഋഷികേശ് ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ മുറിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് സർക്കാർ മരവിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നടപടി.
സോനം വാങ്ചുക്കിന്റെ ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടിസ് നൽകി.
മീററ്റിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ
മീററ്റിൽ ഭർത്താവ് അതുലിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായി. ഏഴു വർഷം മുൻപ് പ്രണയ വിവാഹിതരായവരാണ് ഇവർ. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും ഭർത്താവ് മർദ്ദനം ആരംഭിച്ചു. അതിനിടെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തിയതാണു കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പാമ്പുപിടുത്തക്കാരുടെ സഹായത്തോടെയാണു ദാമിനി കുറ്റകൃത്യം നടപ്പിലാക്കിയതെന്നു പോലീസ് പറഞ്ഞു.
എം ബി ബി എസ് പ്രവേശനം: മുതിർന്ന പൗരന്മാർക്ക് സംവരണം ആവശ്യപ്പെട്ട് ഹർജി
എം ബി ബി എസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് പരീക്ഷാർഥി കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അശോക് ബാഹറാണ് സംവരണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ ഹർജി നൽകിയത്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
ന്യൂയോർക്കിൽ ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചന
ന്യൂയോർക്ക് സന്ദർശനത്തിനിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നഗരത്തിലെ അധികൃതരുമായി ആലോചിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി. യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സമ്മേളനത്തിനാണ് നെതന്യാഹു നഗരത്തിൽ എത്തുന്നത്.
കുവൈറ്റ് പ്ലാന്റിനു നേരെ വീണ്ടും ഇറാന്റെ ആക്രമണം
കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റിനു നേരെ രണ്ടു ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്
ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. ലോർട്സിൽ മൂന്നാം ഏകദിനത്തിൽ 27 റണ്ണസിന് ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. 135 പന്തിൽനിന്ന് 141 റൺസെടുത്ത ബെൻ ഡക്കറ്റിന്റെ ഇന്നിംഗ്സാണ് കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 360 റൺസെടുക്കാനേ സാധിച്ചുള്ളൂ. 110 പന്തിൽനിന്ന് രോഹിത് ശർമ 138 റൺസെടുത്തെങ്കിലും സഹതാരങ്ങൾക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.
പി.വി. സിന്ധുവിന് ജപ്പാൻ ഓപ്പൺ കിരീടം
ശക്തമായ തിരിച്ചുവരവുമായി ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പി.വി. സിന്ധു. ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെ തകർത്ത് സിന്ധു കിരീടം ചൂടി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. ഈ ജയത്തോടെ ജപ്പാൻ ഓപ്പണിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കി.
ലോകകപ്പ് ഫൈനലിൽ അതിഥിയായി ഡൊണാൾഡ് ട്രംപ്
ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നാടകീയമായി എത്തിച്ചേർന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രദ്ധാകേന്ദ്രമായി. ഔദ്യോഗിക ഹെലികോപ്റ്ററായ മറൈൻ വണ്ണിലാണ് അദ്ദേഹം എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പമാണ് ട്രംപ് കലാശപ്പോരാട്ടം കാണാൻ ഗാലറിയിൽ ഇരുന്നത്.
ലോകകപ്പ് ഫുട്ബോൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ലോകകപ്പ് ഫുട്ബോളിലെ താരമായി റോഡ്രിയെ തെരഞ്ഞെടുത്തു. സ്പെയിനിന്റെ കുതിപ്പിന് മധ്യനിരയിൽ കളിച്ച താരമാണ് റോഡ്രി. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോണാണ്. കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫ്രാൻസിനുവേണ്ടി പത്ത് ഗോളുകൾ അടിച്ചുകൂട്ടിയ എംബാപെ സ്വന്തമാക്കി.
ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നു
ഇന്ത്യയിൽ പ്ലാസ്റ്റിക് അഥവാ പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി റിസർവ് ബാങ്ക്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ അടുത്ത വർഷം മുതൽ 10 രൂപ, 20 രൂപ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലെത്തും. ഫീൽഡ് ട്രയലുകൾ വിജയകരമായാൽ 2027ൽ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂർണതോതിലുള്ള അച്ചടിയും വിതരണവും ആരംഭിച്ചേക്കും. ആദ്യ ഘട്ടത്തിൽ ഓരോ മൂല്യത്തിലുമുള്ള നോട്ടുകൾക്കായി 34,000 റീമുകൾ വീതം ആകെ 68,000 റീം (ഒരു റീമിൽ 500 ഷീറ്റുകൾ) ബിഒപിപി അടിസ്ഥാനമാക്കിയുള്ള പോളിമർ ഷീറ്റുകളാണ് ആർബിഐ വാങ്ങുന്നത്. ഇതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18 ആണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുതാര്യമായ വിൻഡോയിൽ പോർട്രെയ്റ്റ്, മെറ്റാലിക് അക്കങ്ങൾ, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകൾ ഈ പ്ലാസ്റ്റിക് നോട്ടുകളിൽ ഉണ്ടായിരിക്കും. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാൽ മറ്റ് വലിയ മൂല്യങ്ങളുള്ള ഇന്ത്യൻ നോട്ടുകളും പോളിമറിലേക്ക് മാറ്റും.
ഐക്യൂ ഇസഡ്11 ലൈറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ
ഐക്യൂവിന്റെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ ഐക്യൂ ഇസഡ്11 ലൈറ്റ് ഇന്ത്യയിൽ ജൂലൈ 24ന് അവതരിപ്പിക്കും. 20,000 രൂപയിൽ താഴെ ആരംഭിക്കുന്ന വിലയിൽ എത്തുന്ന ഈ സ്മാർട്ട്ഫോൺ പ്രധാനമായും വിദ്യാർഥികളെയും ബജറ്റ് വിഭാഗത്തിലെ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. 6,500 എംഎഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനോ 80 മണിക്കൂർ വരെ സംഗീതം കേൾക്കാനോ സാധിക്കും. ഫോണിൽ 44 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് സംവിധാനമുണ്ട്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ ഫോൺവിളിക്കോ 7.2 മണിക്കൂർ വരെ ഓൺലൈൻ വീഡിയോ കാണാനോ സാധിക്കും. അഞ്ച് വർഷത്തെ ഉപയോഗത്തിനുശേഷവും ബാറ്ററിയുടെ 80 ശതമാനം ശേഷി നിലനിർത്താൻ കഴിയുമത്രെ. 50 മെഗാപിക്സൽ സോണി സെൻസറോടുകൂടിയ പ്രധാന ക്യാമറയാണ് ശ്രദ്ധേയമായത്.
മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ജോഷിയുടെ ‘കനാന്‍ദേശം’ വരുന്നു
‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കനാന്‍ദേശം’. ‘ഇത് നിന്റെ ഭൂമി നിന്റെ ആകാശം’ എന്ന പവർഫുൾ ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത് ക്ലാസ്സും മാസ്സും ഒരുപോലെ വിളക്കിച്ചേർക്കുന്ന ജോഷി മാജിക് ‘കനാന്‍ദേശ’ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്. ‘അപ്പു പാത്തു പപ്പു’ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എൻ്റർടൈനർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. അനൂപ് മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റിൽ ആരംഭിക്കും.
ഇന്ദ്രൻസ്-മധുബാല ചിത്രം ‘ചിന്ന ചിന്ന ആശൈ’ ഒടിടി റിലീസ്
ഇന്ദ്രൻസും മധുബാലയും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ‘ചിന്ന ചിന്ന ആശൈ’യുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ജൂലൈ 28 മുതൽ ചിന്ന ചിന്ന ആശൈ സ്ട്രീമിംഗ് ആരംഭിക്കും. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് തിയറ്ററിൽ നിന്നും ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. കോഴിക്കോട്ടുകാരൻ റിട്ട. യുപി സ്കൂൾ അധ്യാപകനാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന മാധവൻ മാഷ്. ബനാറസ് യൂണിവേഴ്സിറ്റിയിൽ കഥക് പഠിക്കുന്ന മകളെ (അപർണ ബാലമുരളി) കാണാൻ വാരണായിസിൽ എത്തുക പതിവാണ്. അങ്ങെയൊരു യാത്രയിലാണ് മധുബാല അവതരിപ്പിക്കുന്ന ലീലയെ മാധവൻ മാഷ് യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും കഥാപാത്രങ്ങളാണ്.
ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്തേക്ക്
ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ നിർണായകമായ മാറ്റം രേഖപ്പെടുത്തിക്കൊണ്ട്, 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മഹീന്ദ്രയെ പിന്നിലാക്കി ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടാറ്റയുടെ ഈ തിരിച്ചുവരവ്. ഒന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്സ് 1,87,953 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതേ കാലയളവിൽ മഹീന്ദ്രയുടെ വിൽപ്പന 1,74,745 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി 5,25,228 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 1,39,374 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് നാലാം സ്ഥാനത്താണ്. ടാറ്റയുടെ പഞ്ച് 60,321 യൂണിറ്റുകളും, നെക്സോൺ 55,561 യൂണിറ്റുകളും വിറ്റഴിച്ചു. മഹീന്ദ്രയുടെ സ്കോർപിയോ (44,590 യൂണിറ്റുകൾ) ആണ് വിറ്റത്. മൊത്തത്തിലുള്ള പാസഞ്ചർ വാഹന വ്യവസായം ഈ പാദത്തിൽ 25.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതും വിപണിയിലെ ശുഭസൂചനയാണ്.
പുസ്തക പരിചയം: ‘പഴുത്ത ചക്കേടെ മണം’
ഓർമകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ചില മണങ്ങളുണ്ട്. പോയ കാലത്തിന്റെ, നമ്മളോട് ചേർന്നുനിന്നിരുന്ന പ്രിയപ്പെട്ടവരുടെ അങ്ങനെ കാലമെത്ര കടന്നുപോയാലും മറക്കാത്ത മണങ്ങൾ. ഈ കഥ നിങ്ങളെ അത്തരം മണങ്ങളുടെ ഓർമകളിലേക്ക് അനായാസം കൊണ്ടുപോകും. ഈ കഥയിലെ കഥാപാത്രങ്ങളെ മണങ്ങളോട് ചേർത്ത്വച്ച് നമ്മുടെയുള്ളിൽ പ്രതിഷ്ഠിക്കുന്നു. പൂച്ചക്കായ മണക്കുന്ന കൊച്ചമ്മാളു, ഭസ്മം മണക്കുന്ന അശുപ്പാട്ടി, കള്ള് മണക്കുന്ന മാണിക്കുട്ടി, ചെമ്പകം മണക്കുന്ന കരിമ്പാറ… ഇവരെ വായിച്ചുതിർക്കുമ്പോൾ കഥകൾ കേട്ടുവളർന്ന ബാല്യത്തിലേക്ക് തൊണ്ടയിലൊരു കനപ്പുമായി നിങ്ങൾ എത്തിച്ചേരും. ‘പഴുത്ത ചക്കേടെ മണം’. ദീപു ജയരാമൻ. ഓറ ടെയിൽസ് പബ്ലിക്കേഷൻസ്. വില 189 രൂപ.
ആരോഗ്യവും രുചിയും നിറഞ്ഞ മോരുകറി
കുടലിന്റെ ആരോഗ്യത്തിന് മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. തൈരിൽ വെള്ളം നീട്ടി പച്ചമുളകും ഉള്ളിയും ഇഞ്ചിയുമൊക്കെ അരിഞ്ഞു ചേർത്ത് സംഭാരമായും കുടിക്കാറുണ്ട്. എന്നാൽ ഇതിലൊക്കെ ആരോഗ്യഗുണമുള്ളത് മോര് കാച്ചുമ്പോഴാണ്. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷകഗുണം ഉയർത്തുന്നത് ഒരൊറ്റ ചേരുവ കാരണമാണ്. അതാണ് മഞ്ഞൾ. മോരു കറിയിൽ മഞ്ഞൾ ചേർക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, കറിയിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാനും മഞ്ഞൾ പൊടി ചേർക്കുന്നത് സഹായിക്കും. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും കറിയിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്. പാൽ ഉൽപ്പന്നമായതു കൊണ്ട് തന്നെ മോര് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മഞ്ഞൾ ചേർക്കുന്നത് കറി പെട്ടെന്ന് മോശമാകാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ സഹായിക്കും.































