ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി 31 അംഗ സംയുക്ത സമിതിയാണ് രൂപീകരിച്ചത്. ബിഹാറിൽനിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷൻ.
സമിതിയിൽ ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് 14 അംഗങ്ങളും കോൺഗ്രസിന് അഞ്ച് അംഗങ്ങളുമുണ്ട്. ജനതാദൾ -യു, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾക്ക് രണ്ട് അംഗങ്ങൾ വീതവും സമാജ്വാദി പാർട്ടി, ഐയുഎംഎൽ, ശിവസേന, എൻസിപി (എസ്പി), എൻസിപി, ടിഡിപി എന്നീ പാർട്ടികൾക്ക് ഓരോ അംഗം വീതവുമുണ്ട്.
സഞ്ജയ് ജയ്സ്വാളിനെ കൂടാതെ ഭാരതൃഹരി മഹ്താബ്, തേജസ്വി സൂര്യ, കമലേഷ് ജാംഗ്ഡെ, മുകേഷ്കുമാർ ചന്ദ്രകാന്ത് ദലാൽ, നിഷികാന്ത് ദുബെ, വിഷ്ണു ദയാൽ റാം, അനന്ത നായക്, അരവിന്ദ് ധർമപുരി എന്നിവരാണ് സമിതിയിലെ ബിജെപിയുടെ ലോക്സഭാ അംഗങ്ങൾ. കോൺഗ്രസിന്റെ ആന്റോ ആന്റണി, ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസ്, മുഹമ്മദ് ഹംദുല്ല സഈദ്, കാളിചരൺ മുണ്ട എന്നിവരും സമിതിയിലുണ്ട്.
രാജ്യസഭയിൽ നിന്ന് ബിജെപിയുടെ സി. സദാനന്ദൻ മാസ്റ്റർ, ഹർഷവർധൻ ശൃംഗ്ല, ഉജ്ജ്വൽ ദേവറാവു നികം, അൽക്ക ഗുർജർ, സത് പാൽ ശർമ എന്നിവരാണ് സമിതിയിലുള്ളത്. പ്രഫുൽ പട്ടേൽ, സഞ്ജയ് കുമാർ ഝാ, ക്രിസ്റ്റഫർ മണിക്യം, മേനക ഗുരുസ്വാമി, പി. വിൽസൺ എന്നിവരും രാജ്യസഭയിൽ നിന്നുള്ള അംഗങ്ങളാണ്. സിയാ ഉർ റഹ്മാൻ, കല്യാൺ ബാനർജി, എ. രാജ, ലാവു ശ്രീകൃഷ്ണ ദേവരായലു, കെ.നരേഷ് ഗണപത് മ്ഹാസ്, കൗശലേന്ദ്ര കുമാർ, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും സമിതിയിലുണ്ട്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെ അവസാന പ്രവൃത്തിദിവസത്തിനകം റിപ്പോർട്ട് ലോക്സഭയിൽ സമർപ്പിക്കണമെന്നാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. മാർച്ച് 25നാണ് വിദേശ സംഭാവന ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. രാജ്യത്തെ എൻജിഒകൾക്കും വിദേശ ധനസഹായത്തിനുമേൽ കൂടുതൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നതാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.
ഒരു സംഘടനയുടെ എഫ്സിആർഎ ലൈസൻസ് നഷ്ടപ്പെട്ടാൽ അതിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും പ്രത്യേക അധികാരിയെ നിയോഗിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ബില്ലിലെ ചില വ്യവസ്ഥകൾ ക്രിസ്ത്യൻ എൻജിഒകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന സാമൂഹികക്ഷേമ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കുന്ന നിയമാനുസൃത വിദേശ ധനസഹായത്തെ ബാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
എന്നാൽ ബിൽ മതപരമായ വിവേചനം ലക്ഷ്യമിടുന്നതല്ലെന്നും വിദേശ സംഭാവനകൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വിവേചനം ചെയ്യുന്ന ഒരു വ്യവസ്ഥയെങ്കിലും ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തെ സർക്കാർ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.




























