26.5 C
Kollam
Saturday 13th June, 2026 | 07:32:56 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | ജൂണ്‍ 13 , ശനി | ഇടവം 30...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | ജൂണ്‍ 13 , ശനി | ഇടവം 30 , കാര്‍ത്തിക

Advertisement

സംസ്ഥാനത്ത് ഷിഗല്ല ഭീതി പടരുന്നു; 18 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഷിഗല്ല ഭീതി പടരുന്നു. ഇന്നലെ മാത്രം പുതുതായി 18 പേര്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ്. ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഷിഗല്ല: മലപ്പുറത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടര്‍ന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂര്‍ സ്വദേശി സരോജിനി (59) ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു ഇവരുടെ മരണം.

വയനാട്ടിൽ 7 കുട്ടികൾക്ക് കൂടി ഷിഗെല്ല; രോഗികൾ 16 ആയി

വയനാട് കോളിയാടി സ്‌കൂളിലെ 7 കുട്ടികള്‍ക്കു കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ വ്യാഴാഴ്ച വരെ ഒന്‍പത് പേരുടെ പരിശോധനാ ഫലം വന്നിരുന്നു. ഇവയെല്ലാം പോസിറ്റീവായിരുന്നു. ബാക്കിയുള്ള ഏഴുപേരുടെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇതോടെ ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി.

തിരുവനന്തപുരത്തും ഷിഗല്ല; കാട്ടാക്കടയിൽ ജ്യൂസ് കട അടപ്പിച്ചു

തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയില്‍ പ്രദേശത്തെ ഒരു ബേക്കറിയില്‍ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും കട താല്‍ക്കാലികമായി അടപ്പിക്കുകയും ചെയ്തു. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ കര്‍ശന നടപടികളിലേക്ക് കടന്നു.

പുതിയ നിപ കേസുകളില്ല; പ്രതിരോധം ശക്തമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിലവില്‍ പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പര്‍ക്കപ്പട്ടികയില്‍ ക്വാറന്റൈനിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ: പി.എ. മുഹമ്മദ് റിയാസ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ് എം എല്‍ എ. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സര്‍ക്കാര്‍ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവര്‍ത്തനത്തിന് എംഎല്‍എ എന്ന നിലയില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്-ഇറാൻ സമാധാന കരാർ അവസാന ഘട്ടത്തിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ അവസാന ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. മുന്‍പൊരിക്കലും കരാറിന് ഇത്രയും തൊട്ടടുത്ത് എത്തിയിട്ടില്ലെന്ന് അരഗ്ചി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. അരഗ്ചിയുടെ എക്സ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര: കെ എസ് ആർ ടി സി ബസുകളുടെ ലിസ്റ്റ് പുറത്തിറക്കി

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതര്‍ ഔദ്യോഗികമായി പുറത്തിറക്കി. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ഏഴ് ബസ് വിഭാഗങ്ങള്‍.

പ്ലസ് വൺ ആദ്യ അലോട്ട്‌മെൻ്റ് ഫലം ജൂൺ 15ന്

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 15 മുതല്‍ ജൂണ്‍ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.

നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: അധികൃതരുടെ ഭാഗത്ത് വീഴ്ചയെന്ന് ആരോപണം

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്‍ കൊല്ലപ്പെടുന്നതിന് 26 ദിവസം മുന്‍പ് കുട്ടിയുടെ അമ്മൂമ്മ പീഡനവിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ഹെല്‍പ്പ്ലൈനില്‍ വിളിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പുറത്തുവന്ന ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നു.

കുഞ്ഞിന്റെ മരണം: ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ അര്‍ഷിതിന്റെ മരണത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് ഹെല്‍പ് ലൈനിലെ ടെലിഫോണ്‍ ഓപ്പറേറ്ററെ പുറത്താക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനാസ്ഥ കാണിച്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി.

എൽനിനോ സ്ഥിരീകരിച്ചു; തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്പെടാൻ സാധ്യത

പസഫിക് സമുദ്രത്തില്‍ എല്‍നിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും അതേസമയം ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സാധാരണ നിലയില്‍ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദേവസ്വം പ്ലീഡർ നിയമനം: കോൺഗ്രസിനെതിരെ വി എൻ വാസവൻ

ദേവസ്വം പ്ലീഡര്‍ നിയമനത്തില്‍ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുന്‍ മന്ത്രി വിഎന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതില്‍ വിശദീകരണം നല്‍കാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വര്‍ണ്ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് അഡ്വ.കെ ബി പ്രദീപിന്റെ നിയമനമെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

സർക്കാർ അഭിഭാഷകന്റെ നിയമനത്തിൽ നിഗൂഢതയെന്ന് പി രാജീവ്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് മുന്‍ മന്ത്രി പി രാജീവ്. കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു സര്‍ക്കാരും ധൈര്യപ്പെടാത്ത കാര്യമാണിതെന്നും നടപടിയില്‍ നിഗൂഢതയുണ്ടെന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്

ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടര്‍മാരെ വിട്ടുനല്‍കില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയില്‍ ഡോക്ടര്‍മാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. സേവനത്തിനെത്തുന്ന ഡോക്ടര്‍മാര്‍ക്ക് ശബരിമലയില്‍ മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്ന് ആരോഗ്യവകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കും: മുഖ്യമന്ത്രി

ശ്രീനാരായണഗുരുദേവന്റെ സാന്നിദ്ധ്യം കൊണ്ടും സാമീപ്യം കൊണ്ടും പവിത്രമായ ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാന്‍ എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി ശിവഗിരി മഹാസമാധിയില്‍ ദര്‍ശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ സ്വപ്നം കണ്ട, ജാതി-മത വേര്‍തിരിവുകള്‍ ഇല്ലാത്ത മാതൃകാ കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മേജർ രവിയുടെ ആരോപണം: പിണറായി വിജയൻ പരാതി നൽകി

56 കാറും 560 പോലീസുകാരുമെന്ന നടനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ ആരോപണത്തിനെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് പിണറായി വിജയന്‍ പരാതി നല്‍കിയത്. നടനും എംപിയുമായിരുന്ന ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ വാഹന വ്യൂഹത്തിന്റെ അകമ്പടിയോയെ പിണറായി വിജയന്‍ എത്തി എന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം.

പൊറോട്ടയ്ക്ക് ഗ്രേവി സൗജന്യമാക്കണമോ? ഉപഭോക്തൃ കമ്മീഷനിൽ പരാതി

ഹോട്ടലുകളില്‍ പൊറോട്ടയ്ക്കൊപ്പം ഗ്രേവി സൗജന്യമായി നല്‍കണോ എന്ന കാര്യത്തില്‍ കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കി . ഗ്രേവി സൗജന്യമായി നല്‍കേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിനെതിരെ അഡ്വ. ഷിബു വയലകത്ത് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് നല്‍കിയ അപ്പീലിലാണ് വിശദമായ തെളിവെടുപ്പിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഹോട്ടലുകളെ ആശ്രയിക്കുന്ന താഴ്ന്ന വരുമാനക്കാര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് ഷിബു പറയുന്നു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ‘ആശ്വാസ് 2026’ ജനങ്ങൾക്ക് ആശ്വാസകരമെന്ന് മന്ത്രി

സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായ ‘ആശ്വാസ് 2026’ ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു. യു.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. അടുത്ത മൂന്ന് മാസക്കാലത്തേക്ക് ജപ്തി നടപടികളും ലേലവും നിര്‍ത്തിവെക്കുമെന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരള യാത്രയിലെ മർദനം: തിരിച്ചറിയൽ പരേഡ് പൂർത്തിയായി

ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎല്‍എയും അജയ് ജുവല്‍ കുര്യാക്കോസും അറിയിച്ചു.

പാലക്കാട് കുട്ടികളുടെ മരണം: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 28 കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വരുന്നു. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ മരണക്കേസ് ഹൈക്കോടതി സിബിഐക്ക് വിടുകയും സമാനമായ മറ്റ് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. 12 കാരിയായ കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് വിട്ടത്.

പിഎം ശ്രീ ഫണ്ട് വാദം തെറ്റെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന യുഡിഎഫ് സര്‍ക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകള്‍. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയില്‍ സ്‌കൂളുകളുടെ പട്ടിക കേരളം നല്‍കിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ ഇന്നലെ ദര്‍ശനം നടത്തി. മുമ്പ് പലതവണയും ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്. ദര്‍ശനത്തിന് ശേഷം സുരക്ഷാ പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് വിജയ് സ്വയം കാറോടിച്ചാണ് മടങ്ങിയത്. വിജയിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്നത്.

നാവികരുടെ മരണം: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഒമാന്‍ തീരത്ത് യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തെപ്പറ്റി കോംപ്രമൈസ്ഡ് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും നാവികരെ കൊലപ്പെടുത്തിയവരെ എതിര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമോ ശക്തിയോ ഇല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബംഗാളിൽ തീപിടുത്തം; നാലായിരത്തോളം വോട്ടിങ് യന്ത്രങ്ങൾ കത്തിനശിച്ചു

ബംഗാളിലെ സര്‍ക്കാര്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി മറയ്ക്കാനാണ് ഇതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു.

നീറ്റ് പുനഃപരീക്ഷ: സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കും

നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷക്ക് കേന്ദ്രസേനയെ വിന്യസിക്കാന്‍ തീരുമാനം. പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പര്‍ എത്തിക്കുന്നതിന് സിആര്‍പിഎഫ്, സിഐഎസ്എഫ് സുരക്ഷ ഒരുക്കും. 551 പരീക്ഷ നഗരങ്ങളില്‍ നിന്ന് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പര്‍ എത്തിക്കുന്നതിനാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.

പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ല; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

ഇന്ത്യ സഖ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് പറഞ്ഞ രാഹുല്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ ഉള്ളത് കൊണ്ട് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് കഴിയില്ലെന്നും എന്നാല്‍ ബിജെപിക്കെതിരെ ഒന്നുച്ചുനില്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് സഖ്യകക്ഷികള്‍ക്ക് ആത്മവിശ്വാസം നല്‍കിയ രാഹുല്‍ മുന്നണിക്കുള്ളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും പ്രസംഗത്തില്‍ വിവരിക്കുന്നുണ്ട്.

മുംബൈയിൽ 11 കിലോ കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിൽ

മുംബൈയില്‍ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുന്‍ മിസിസ് കേരള മത്സരാര്‍ത്ഥി പിടിയിലായി. 28കാരിയായ ഹര്‍ഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നതിനിടെ ആണ് അറസ്റ്റ്.

നീറ്റ് പുനഃപരീക്ഷ: സമയത്തിലും റഫ് പേപ്പറുകളിലും മാറ്റം

നീറ്റ് യുജി പുനഃപരീക്ഷയില്‍ പുതിയ മാറ്റങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഈ വര്‍ഷം മുതല്‍ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ വരെ ചോദ്യപേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് വര്‍ക്കിനായി നല്‍കിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂണ്‍ 21ന് പുനപരീക്ഷ നടപ്പാക്കുക.

പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം സജ്ജമാകും

പുതിയ ഐആര്‍സിടിസി വെബ്‌സൈറ്റ് ജൂലൈ 15-നകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

കോമയിലായിരുന്ന തായ്‌ലാൻഡ് രാജകുമാരി അന്തരിച്ചു

വളര്‍ത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മൂന്ന് വര്‍ഷത്തോളമായി കോമയില്‍ ആയിരുന്ന തായ്ലാന്‍ഡ് രാജകുമാരി അന്തരിച്ചു. 47 വയസായിരുന്നു. തായ് രാജവംശത്തിലെ ഏറ്റവും പ്രഗത്ഭയും കഴിവുതെളിയിച്ചതുമായ ഒരു വ്യക്തിത്വമായിരുന്ന ബജ്രകിതിയാഭയാണ് അന്തരിച്ചത്.

യുകെയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം തടവ്

യുകെയില്‍ 18 വയസ്സുള്ള പെണ്‍കുട്ടിയെ പാര്‍ക്കില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവ് ശിക്ഷ. 28 കാരനായ ഷെറാസ് മാലിക്കിനാണ് ബിര്‍മിംഗ്ഹാം ക്രൗണ്‍ കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ഇന്തോനേഷ്യയിൽ സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

ഇന്തോനേഷ്യയില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ രോഷം. പ്രസിഡന്റ് പ്രബോവോ സുബിയാന്തോ പാഴ്ചെലവുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാജ്യത്ത് ഇന്ധനവില വര്‍ധിച്ചതിനെതിരെയും രോഷം ഉയര്‍ന്നു.

ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: പിന്നിൽ ഇറാനെന്ന് ട്രംപ്

ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ രാത്രിയില്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തില്‍ ഇന്ത്യ അമേരിക്കന്‍ നയതന്ത്രജ്ഞനെ രണ്ടു തവണ വിളിച്ച് വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

യുഎസ്-ഇറാൻ സമാധാന ചർച്ചകൾ: പതിനാലിന പട്ടിക പുറത്ത്

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള നയതന്ത്ര ധാരണകളുടെ അടിസ്ഥാനത്തിലുള്ള പതിനാലിന പട്ടിക ഇറാന്‍ മാധ്യമമായ മെഹര്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത സൈനിക – സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിര്‍ദ്ദേശങ്ങള്‍.

കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ ഇതിഹാസ താരം കെയിന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ മൂന്ന് ഫോര്‍മാറ്റുകളിലായി 378 മത്സരങ്ങളില്‍ പാഡണിഞ്ഞ ശേഷമാണ് താരം കളിമൈതാനങ്ങളോട് വിടപറയുന്നത്.

ഫിഫ ലോകകപ്പ്: കാനഡ-ബോസ്നിയ മത്സരം സമനിലയിൽ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് സമനില. 21-ാം മിനിറ്റില്‍ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്നിയക്കെതിരേ 79-ാം മിനിറ്റില്‍ കൈല്‍ ലാറിന്‍ നേടിയ ഗോളില്‍ കാനഡ സമനില പിടിക്കുകയായിരുന്നു. 75-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി നാലു മിനിറ്റിനുള്ളില്‍ ലാറിന്‍ കാനഡയുടെ രക്ഷകനായി മാറുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സർക്കാരിന് വൻ ലാഭവീതം

മൂന്നു വര്‍ഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. മുന്‍ സാമ്പത്തിക വര്‍ഷം മാത്രം 89,501 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം 29,547 കോടി രൂപയായിരുന്ന ലാഭവീതം 2022ല്‍ 56,555 കോടി രൂപയായും 2023ല്‍ 59,822 കോടി രൂപയായും ഉയര്‍ന്നു. 2024 മുതലാണ് 80,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. സ്ഥാപനങ്ങളുടെ ലാഭം വര്‍ധിക്കുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്ന ലാഭവീത അനുപാതത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2024ല്‍ 32 ശതമാനമായിരുന്ന അനുപാതം 2025ല്‍ 30.3 ശതമാനമായും 2026ല്‍ 28 ശതമാനമായും കുറഞ്ഞു. ഇത് 2021-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. 2025-26 സാമ്പത്തിക വര്‍ഷം സര്‍ക്കാരിലേക്ക് കൂടുതല്‍ ലാഭവിഹിതം നല്‍കിയ സ്ഥാപനങ്ങള്‍ ഇവയാണ്. കോള്‍ ഇന്ത്യ (10,310 കോടി), ഒ.എന്‍.ജി.സി (9,817 കോടി), എസ്.ബി.ഐ (8,892 കോടി), എല്‍.ഐ.സി (6,103 കോടി), എന്‍.ടി.പി.സി (4,460 കോടി), പവര്‍ ഗ്രിഡ് (4,298 കോടി), ബി.പി.സി.എല്‍ (3,962 കോടി), പി.എഫ്.സി (3,427 കോടി).

ആഗോളതലത്തിൽ ചൈനീസ് എഐ മോഡലുകൾക്ക് ജനപ്രീതിയേറുന്നു

ആഗോള തലത്തില്‍ ചൈനീസ് എഐ മോഡലുകളായ കിമി, ഡീപ്സീക്ക്, ക്വെന്‍, മിനിമാക്സ് പോലുള്ളവയ്ക്ക് ജനപ്രീതി ഏറുന്നു. ഓപ്പണ്‍ എഐ, ആന്ത്രോപിക്ക് ഉപയോഗിക്കണമെങ്കില്‍ വന്‍തുക ചെലവ് വരും. ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ഓപ്പസ് 4.8 ഒരു മില്യണ്‍ ടോക്കണുകള്‍ക്ക് 25 ഡോളര്‍ വരെ ഈടാക്കുമ്പോള്‍, ചൈനീസ് മോഡലായ ഡീപ്‌സീക്ക് പ്രോ ഒരു ഡോളറില്‍ താഴെ മാത്രമേ ഈടാക്കുന്നുള്ളൂ. 2024-ല്‍ ഡെവലപ്പര്‍മാര്‍ക്കിടയില്‍ വെറും 1 ശതമാനം മാത്രമായിരുന്ന ചൈനീസ് എഐ ഉപയോഗം 2026 മേയ് മാസത്തോടെ 60 ശതമാനമായി വര്‍ധിച്ചു. 2026 ഫെബ്രുവരിയില്‍ ചൈനീസ് മോഡലുകള്‍ 4.12 ട്രില്യണ്‍ ടോക്കണുകള്‍ വിതരണം ചെയ്തപ്പോള്‍ അമേരിക്കന്‍ മോഡലുകള്‍ക്ക് 2.94 ട്രില്യണ്‍ ടോക്കണുകള്‍ മാത്രമേ നല്‍കാനായുള്ളൂ. നിലവില്‍ ഡീപ്‌സീക്കിന് വിപണിയില്‍ ഏകദേശം 17.6 ശതമാനം പങ്കാളിത്തമുണ്ട്. ഡേറ്റാ സുരക്ഷയ്ക്കും കൃത്യതയ്ക്കും പ്രാധാന്യം നല്‍കുന്ന കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന തുക നല്‍കി മികച്ച മോഡലുകളെത്തന്നെയാണ് ആശ്രയിക്കുന്നത്.

സൂരി നായകനാകുന്ന ‘മണ്ടാടി’ സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ

തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആണ് പൂര്‍ത്തിയായത്. 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തമിഴ്‌നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മിഥുന്‍ ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്‍, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്‌മണ്യം എന്നിവരും അഭിനയിക്കുന്നു. ജി.വി. പ്രകാശ് സംഗീതവും, എസ്.ആര്‍. കതിര്‍ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’ റിലീസ് നീട്ടി

മലയാളത്തിന്റെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, അല്‍താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. ജൂണ്‍ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍ 18ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്. ചിത്രത്തില്‍ ഇവരെ കൂടാതെ മാളവിക മേനോന്‍, ഉല്ലാസ് പന്തളം, മറീന മൈക്കിള്‍, അന്‍വര്‍ ഷെരീഫ്, ആദിര്‍ഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

1200 കി.മീ റേഞ്ചുമായി ബെസ്റ്റ്യൂൺ ഷയോമ ഇലക്ട്രിക് കാർ

ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ഷയോമ എന്ന ചെറിയ ഇലക്ട്രിക് കാര്‍ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ കാര്‍ താങ്ങാനാവുന്ന വിലയുള്ളതും മികച്ച റേഞ്ച് ഉള്ളതുമായിരുന്നു എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. വേഗത്തില്‍ ചാര്‍ജ് ചെയ്യുകയും കൂടുതല്‍ റേഞ്ച് നല്‍കുകയും ചെയ്യുന്ന ബാറ്ററി സംബന്ധിയായ സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഷയോമയില്‍ കമ്പനി ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു. ബെസ്റ്റ്യൂണ്‍ ഷാവോയിമയുടെ വില 30,000 മുതല്‍ 50,000 യുവാന്‍ വരെയാണ് (ഏകദേശം 4.24 ലക്ഷം മുതല്‍ 7.07 ലക്ഷം രൂപ വരെ). പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 1200 കിലോമീറ്റര്‍ വരെ ഓടാന്‍ ഇതിന് കഴിയും. ഹാര്‍ഡ്‌ടോപ്പ്, കണ്‍വെര്‍ട്ടിബിള്‍ വേരിയന്റുകളില്‍ ഈ കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍, ഹാര്‍ഡ്‌ടോപ്പ് വേരിയന്റ് വില്‍പ്പനയിലാണ്.

പുസ്തക പരിചയം: അഷ്ടകാന്തം ബാനുവിന്റെ കഥാലോകം

2025ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ബാനു മുഷ്താഖ് രചിച്ച ഏറ്റവും പ്രശസ്തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിന്റെ രചനകള്‍ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിന്റെ എല്ലാതലങ്ങളില്‍ പെടുന്നവരും ഇതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്പര്‍ശിയാകുമ്പോള്‍, വായനക്കാരന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും. ‘അഷ്ടകാന്തം ബാനുവിന്റെ കഥാലോകം’. ഡോ. എം. ലീലാവതി. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

ആരോഗ്യ വാർത്ത: കരൾ രോഗങ്ങളെ നേരത്തെ തിരിച്ചറിയാം

ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരള്‍രോഗങ്ങളുണ്ട്. അമിത മദ്യപാനം, അണുബാധ ഉള്‍പ്പടെയുള്ള പല ഘടങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ ആളുകളെ കരള്‍ രോഗികളാക്കാം. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവര്‍ ഡിസീസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗാവസ്ഥകള്‍ പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നതെന്നതിനാല്‍ ചികിത്സയും വെല്ലുവിളിയാകാറുണ്ട്. രോഗലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചരിയുന്നത് രോഗാവസ്ഥ നിയന്ത്രിക്കാനും തടയാനും സഹായിക്കും. കരള്‍ രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാല്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നലുണ്ടാവും. മാത്രമല്ല, കരള്‍രോഗബാധിതരില്‍ ചര്‍ദ്ദിയും മനംപുരട്ടലും അനുഭവപ്പെടാം. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ കണ്ണ് നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു പിന്നില്‍ ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. വയറിന്റെ മുകളില്‍ വലതു ഭാഗത്താണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. കൂടാതെ തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. ഇത് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്.

<hr

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here