Home Blog Page 1063

ഏപ്രില്‍ മുതല്‍ പിഎഫ് യുപിഐ വഴി പിന്‍വലിക്കാം

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാര്‍ത്ത. യുപിഐ വഴി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രിൽ മുതൽ ഇത്തരത്തിൽ പണം പിൻവലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങൾക്ക് പിഎഫ് തുക നിമിഷങ്ങൾക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും.

ഇപിഎഫ്ഒ പരിഷ്കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘ഇപിഎഫ്ഒ 3.0’ യോടെ ഈ സേവനം പൂർണമായും സജീവമാകും. ഈ പുതിയ മൊബൈൽ ആപ്പും യുപിഐ സംവിധാനവും പരീക്ഷണടിസ്ഥാനത്തിൽ പ്രവര്‍ത്തനം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നു. ഏപ്രിലിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാങ്കേതിക തകരാറുകൾ ഉണ്ടാകാതിരിക്കാൻ 100-ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

യുപിഐ സംവിധാനം നിലവിൽ വന്നാലും മുഴുവൻ തുക പിൻവലിക്കാനാകില്ല. പുതിയ ലേബർ കോഡ് നിയമങ്ങൾ പ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാക്കി തുകയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈൽ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങൾ നേടാനും സാധിക്കും.

പുതിയ മൊബൈൽ ആപ്പ് ആരംഭിച്ചതിനുശേഷവും, നിലവിൽ പ്രവർത്തിക്കുന്ന UAN നമ്പറിന്റെയും UMANG പോർട്ടലിന്റെയും സേവനങ്ങൾ നിർത്തലാക്കില്ല. നിലവിൽ,പിഎഫ് പിൻവലിക്കൽ പ്രക്രിയയ്ക്ക് ഗണ്യമായ സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും ഓട്ടോ-സെറ്റിൽമെന്റ് മോഡിൽ, അപേക്ഷിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ സെറ്റിൽമെന്‍റ് നടക്കുന്നു. അടുത്തിടെ, ഇപിഎഫ്ഒ ​​ഓട്ടോ-സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് കനഗോലു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി സൂചന. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ സ്വയം തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലു പറയുന്നു. എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു.

മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ അങ്ങനെയായിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് കനഗോലു പറയുന്നത്. ഇരുമുന്നണികളും 40 ശതമാനം വോട്ട് നേടുമെന്നാണ് കണക്ക്. നേരിയ മുന്‍തൂക്കം യുഡിഎഫിനാണ്. എന്‍ഡിഎ 15 ശതമാനം വോട്ട് നേടുമെന്നും കനഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു,വി ഡി സതീശന്‍

കല്‍പ്പറ്റ. പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫിനൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ നാലുദിവസം കഴിഞ്ഞാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തപ്പോള്‍ അപ്പോള്‍ തന്നെ വിവരം ചോര്‍ത്തി നല്‍കി. എസ്‌ഐടിയില്‍ ആരാ ഉള്ളത്?. എസ്‌ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശന്‍ പറഞ്ഞു.

ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മില്‍ പോലും നല്ല ബന്ധമല്ല ഉള്ളത്. എത്രവിഷയങ്ങളില്‍ അവര്‍ ഏറ്റുമുട്ടി. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ച ചെയ്യാതെയാണ് കരാറില്‍ ഒപ്പിട്ടത്. സിപിഐയെ സിപിഎം വിശ്വാസത്തിലെടുക്കുന്നില്ല. കേരളാ കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി നല്ല ബന്ധത്തില്‍ അല്ല സിപിഎം. എ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കൃത്യസമയത്ത് പറയും. ഐഷാ പോറ്റി വന്നപ്പോള്‍ നിങ്ങളെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പായി അത്തരം അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു.

കുണ്ടറയില്‍ തീ തുപ്പി ഓടിയ കാറിന്റെ ഉടമയെ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ വാഹന ഉടമയെ മുഖത്തലയിൽ നിന്ന് പിടികൂടി. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും. കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും.
കാര്‍ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി.പൊതുനിരത്തുകളില്‍ വലിയ ശബ്ദമുണ്ടാക്കി, സൈലന്‍സറിലൂടെ തീ തുപ്പി നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയത്.

കേരള സർവകലാശാല യൂണിയനെ വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മൽ അസാധുവാക്കി,വിസിയുടേത് പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ

തിരുവനന്തപുരം. കേരള സർവകലാശാല യൂണിയനെ വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മൽ അസാധുവാക്കി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. വിസിയുടേത് പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

അതേസമയം നിലവിലെ യൂണിയന്റെ കാലാവധി തീരുന്നത് കണക്കിലെടുത്താണ് നടപടിയെന്നാണ് സർവകലാശാല അധികൃതർ വിശദീകരിക്കുന്നത്. വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ജനാധിപത്യപരമായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത യൂണിയനെയാണ് ജനാധിപത്യ വിരുദ്ധമായി അസാധുവാക്കിയത്. ഇത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ അവകാശത്തെ നിഷേധിക്കലാണ്. വിസി മോഹനന്‍ കുന്നുമ്മല്‍ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്താത്ത ആളാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

അതിനിടെ, കേരള സര്‍വകലാശാല ആസ്ഥാനത്ത് വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം വന്‍ സംഘർഷത്തിൽ കലാശിച്ചു. പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ബാരിക്കേഡും ജലപീരങ്കിയും മറികടന്നെത്തിയ പ്രതിഷേധക്കാര്‍ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍വകലാശാല കലോത്സവം നടത്താന്‍ അനുവദിക്കുന്നില്ല, കായിക വിദ്യാര്‍ഥികള്‍ക്ക് ടിഎ നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചത്. രാവിലെ കവാടത്തിനു മുന്നില്‍ ബാരിക്കേഡ് വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആസ്ഥാനം കയ്യടക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ രജിസ്ട്രാറുടെ ഓഫിസിനു മുന്നിലും വിസിയുടെ ചേംബറിനു മുന്നിലും എത്തിയിരുന്നു.

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കി. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ ഓം ബിര്‍ല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. ഉച്ചയോടെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ രംഗത്തു വരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്‌സഭയില്‍ വന്‍ ബഹളങ്ങള്‍ക്ക് വഴിതെളിച്ചത്.

സ്‌കൂള്‍ വാര്‍ഷികാഘോഷം

പുത്തൂര്‍: പാങ്ങോട് കുഴിക്കലടിവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 79-ാം വാര്‍ഷികാഘോഷം റൂറല്‍ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഓമനാ ശ്രീറാം അദ്ധ്യക്ഷത വഹിച്ചു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.കെ.വിനോദിനി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സിന്ധു പ്രഭാകര്‍, ഹെഡ്മിസ്ട്രസ് പി.എസ്.ഷീബാകുമാരി, വാര്‍ഡ് മെമ്പര്‍ എസ്.ബിന്ദു, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കോട്ടാത്തല ശ്രീകുമാര്‍, പി.ടി.എ പ്രസിഡന്റ് സൂര്യാദേവി, ആര്‍.ഹരികുമാര്‍, ടി.എല്‍.പ്രീത, സി.ടി.മഹേഷ്, അനിത, മുഹമ്മദ് അജാസ്, ശ്രീനന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.

മോഷ്ടാവിനെ പിടികൂടി

കൊട്ടാരക്കര: പനവേലി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നടന്ന മോഷണ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല കുറ്റികോണം സജിത്ത് ഭവനില്‍ സജിത്ത് (40) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ 14ന് അര്‍ധരാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ പ്രതി, ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് വഞ്ചികളും, പുറത്തു സൂക്ഷിച്ചിരുന്ന രണ്ട് വഞ്ചികളും കുത്തി തുറന്ന് ഏകദേശം പതിനായിരം രൂപ മോഷ്ടിക്കുകയും ഇതിന് പുറമേ ഓഫീസുകളില്‍ സൂക്ഷിച്ചിരുന്ന മേശകള്‍ കുത്തി തുറന്ന് നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സജിത് പിടിയിലായത്.
പ്രതിക്കെതിരെ കൊല്ലം റൂറല്‍ ജില്ലയിലെ ചടയമംഗലം, അഞ്ചല്‍, പൂയപ്പള്ളി, പുത്തൂര്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലും സമാനമായ മോഷണ കേസുകള്‍ നിലവിലുണ്ട്. കൂടാതെ കോട്ടയം, ചാത്തന്നൂര്‍, മംഗലാപുരം, ഫോര്‍ട്ട് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍, സബ് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ്. എ.ആര്‍, പങ്കജ് കൃഷ്ണ, ലയ, സാബു എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ. ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്.

ലഹരി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് മരണം. ഇവരെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനാണ് സത്യമോളുടെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.

സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇരുവരും ആലപ്പുഴയില്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ പറവൂര്‍ ജംങ്ഷനില്‍ എക്‌സൈസ് സംഘവും പൊലീസും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്ന് ലഹരി കണ്ടെടുത്തതിന് പിന്നാലെ വീട്ടില്‍ പരിശോധന നടത്തി. ഇവിടെ നിന്നാണ് ലഹരിശേഖരം പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍.

അതേസമയം സത്യമോളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി,ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും, തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ട്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസ്സ് വന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുത്. ബംഗലൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തില്‍ വെച്ചാണ്ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയില്‍ ഇടപെടുന്നത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താന്ത്രിക വിധി പ്രകാരമുള്ള ഇടപെടലുകള്‍ മാത്രമാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളത്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടുന്നത്. ദേവസ്വം ബോര്‍ഡാണ് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ തനിക്ക് ഒരു പങ്കുമില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് തന്ത്രി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.