താരങ്ങളില്‍ വസ്ത്രത്തിന്റെ പേരില്‍ അധിക്ഷേപം കേട്ടവരില്‍ മുന്നിലാണ് റിമ കല്ലിംഗല്‍. ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തില്‍, ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന താരങ്ങള്‍ക്ക് ഉപദേശവുമായി സദാചാര ആങ്ങളമാര്‍ മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ രംഗത്ത് എത്തും.

മാസങ്ങള്‍ക്ക് മുന്‍പ് സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചു റിമ തുറന്ന് പറഞ്ഞ വാക്കുകള്‍ക്ക് പകരം സോഷ്യല്‍ മീഡിയ ആഘോഷിച്ചത് റിമയുടെ വസ്ത്രമായിരുന്നു.

തുട വരെ കാണുന്ന വസ്ത്രം ധരിച്ചു പൊതുവേദിയില്‍ എത്തിയ റിമയ്ക്ക് നേരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, തന്റെ ഇഷ്ട വസ്ത്രങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു.

‘അതു പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്‌ബോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?

എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്‌കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്‌നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല.’- റിമ പറഞ്ഞു