26.3 C
Kollam
Saturday 11th July, 2026 | 11:46:29 PM
Home Lifestyle Entertainment കാട്ടാളനും മാര്‍ക്കോയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഒടുവില്‍ ഉത്തരമായി

കാട്ടാളനും മാര്‍ക്കോയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഒടുവില്‍ ഉത്തരമായി

ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയും ആന്റണി വര്‍ഗീസ് നായകനാകുന്ന കാട്ടാളനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് കഴിഞ്ഞ കുറച്ച് നാളായി സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. പെപ്പെയുടെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ കാമിയോ ഉണ്ടാകുമെന്നും രണ്ടു സിനിമകളും ഒരേ യൂണിവേഴ്സില്‍ നിന്നുള്ളതാണെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഉണ്ണി മുകുന്ദന്‍ കാട്ടാളിനില്‍ ഇല്ലെന്നും ഏതെങ്കിലും യൂണിവേഴ്സുമായും ബന്ധമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ്. പത്രക്കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് വ്യക്തത നല്‍കിയത്. ആ വാക്കുകളിലേക്ക്:
സത്യസന്ധമായ കഥ പറച്ചിലും ഫിലിം മേക്കിങും ഓരോ ചുവടുവെപ്പിലും ആഘോഷിക്കുകയെന്നതിലാണ് യുഎംഎഫ് വിശ്വസിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെ സിനിമയൊരുക്കുന്ന ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. അവരുടെ ആദ്യത്തെ ചിത്രമായ മാര്‍ക്കോയുടെ ഭാഗമാകാനുള്ള പ്രിവിലേജ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ ഞങ്ങള്‍ നിര്‍മാണ പങ്കാളികളുമായിരുന്നു. ഞങ്ങള്‍ അഭിമാനത്തോടെയാണ് ആ യാത്രയെ കാണുന്നതും. വരും ദിവസങ്ങള്‍ ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധിക്കട്ടെയെന്ന് ആ ചിത്രത്തിന്റെ അണിയറ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു.
ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്ന എല്ലാവരോടുമായി, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഉണ്ണി മുകുന്ദന്‍ ഈ പ്രൊജക്ടിന്റെയോ, മറ്റെതെങ്കിലും യൂണിവേഴ്സിന്റെയോ ഭാഗമല്ലെന്ന് വ്യക്തമാക്കുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുന്നതില്‍ നിന്നും പിന്മാറണമെന്ന് ആരാധകരോടും പൊതുജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ആളുകളെ രസിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ഒത്തൊരുമിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ പറയുകയെന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. അത് ഞങ്ങള്‍ക്ക് എറെ വിലപ്പെട്ടതാണ്.