സംഗീതസവിധായകനുള്ള പുരസ്കാരം ഏറ്റവും കൂടുതൽ കിട്ടിയത് എനിക്കു തന്നെ, അതെന്റെ ഭാഗ്യം; എം.ജയചന്ദ്രൻ

53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിളക്കത്തിൽ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ. പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. ഇത് ഒൻപതാം തവണയാണ് ജയചന്ദ്രൻ സംസ്ഥാന പുരസ്കാരം നേടുന്നത്. ഈ അംഗീകാരതത്തിൽ അതീവസന്തോഷമുണ്ടെന്നും പുരസ്കാരത്തിനു തന്നെ പരിഗണിച്ച സർക്കാരിനോടു നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ എന്നീ സിനിമകൾക്കായി പാട്ടുകൾ ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ഈ സിനിമകൾക്കു വേണ്ടി ഏകദേശം രണ്ടു വർ‌ഷങ്ങളാണ് ഞാൻ മാറ്റി വച്ചത്. ആ ചലഞ്ചും എന്റെ കഠിനാധ്വാനവും നിതാന്ത പരിശ്രമവും ഈ അവാർഡ് ജൂറി തിരിച്ചറിഞ്ഞു അവർ ഈ അവാർഡ് എനിക്ക് തരുന്നു എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. നമ്മുടെ സംസ്ഥാന സർക്കാരിനോടും ഞാൻ നന്ദി പറയുകയാണ്. എനിക്ക് പാട്ടുകൾക്കു പുരസ്കാരം കിട്ടുന്നത് ഇത് ഒൻപതാം തവണയാണ്.

സംഗീതസവിധായകനുള്ള പുരസ്കാരം ഏറ്റവും കൂടുതൽ കിട്ടിയത് എനിക്കാണെന്നുള്ളത്തിൽ സംശയിക്കേണ്ടതില്ല. അത് ചരിത്രത്തിൽ എഴുതി വച്ചിട്ടുള്ള കാര്യമാണ്. അത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു. കഴിവുറ്റ ഒരുപാട് സംഗീതസംവിധായകർ വളർന്നു വരുന്നുണ്ട്. അവരൊക്കെ ഈ റെക്കോർഡ് നാളെ തിരുത്തുമെന്ന് ഉറപ്പാണ്’, ജയചന്ദ്രന്‍ പറഞ്ഞു.

Advertisement