മടിയൻ കാറ്റടിച്ച് മയങ്ങിപ്പോയ മമ്മൂട്ടി; ആ നിമിഷം ക്യാമറയിലാക്കി ജോർജ്

മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. നൻപകൽ നേരത്തൊരു പരകായ പ്രവേശമായിരുന്നു ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ george, പ്രകടനം. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ക്ഷീണിച്ച് തളർന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് ആണ് നൻപകൽ നേരത്തുള്ള മയക്കത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

മൂവാറ്റുപുഴയിൽനിന്നു വേളാങ്കണ്ണിക്കു പോയി മടങ്ങുന്ന ബസിൽനിന്ന് മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം ഇറങ്ങി നടക്കുന്നത് ഒരു സ്വപ്നലോകത്തേക്കാണ്. പിന്നെയൊരു പച്ചൈതമിഴന്റെ പകർന്നാട്ടം. സുന്ദറായി മാറുന്ന ജയിംസ് ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നൊരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീൻ കഴിഞ്ഞ ശേഷം അൽപം വിശ്രമിക്കാൻ വേണ്ടി കിടന്നതായിരുന്നു മമ്മൂട്ടി. പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോൾ ക്ഷീണംകൊണ്ട് മമ്മൂട്ടിയും തെല്ലു മയങ്ങി.

അതേസമയം മികച്ച പ്രതികരണമാണ് കേരളത്തിൽ‍നിന്നും തമിഴ്നാട്ടിൽനിന്നും ചിത്രത്തിനു ലഭിക്കുന്നത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. കേരളത്തിൽ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷും നവ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്നു പ്രശംസിക്കപ്പെടുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത് രസകരമായൊരു ചിന്തയുടെ സാക്ഷാത്കാരമാണ്. മൂവാറ്റുഴയിൽനിന്നു തമിഴ്‌നാട്ടിലേക്കുള്ള അതേ ദൂരമുണ്ട് ജയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ മറികടക്കാൻ ശ്രമിക്കുന്നതിന്റെ അദ്ഭുതകരമായ കാഴ്ച കൂടിയാണ് ചിത്രം.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിങ് ദീപു ജോസഫ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ. ബക്കർ.

Advertisement