തിരുവനന്തപുരം: ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ‘വൃഷഭ’ (Vrushabha) എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു. ​
ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ‘വൃഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം സൈൻ ചെയ്തുവെന്നും അതിന് വേണ്ടിയാണ് ദുബായിൽ വന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ആശീർവാദിന്റെ ഒരു കമ്പനി ദുബായിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചു.

അതേസമയം, റാം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വൽത്ത് മാൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജേസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മോൺസ്റ്റർ, എലോൺ, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യൻറെയും വിവേകിൻറെയും ചിത്രങ്ങൾ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളാണ് മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്നത്.

ലൂസിഫറിൻറെ രണ്ടാം ഭാഗം എമ്പുരാനും പ്രഖ്യാപിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണ്. ‘എമ്പുരാനെ’ സംബന്ധിച്ചിടത്തോളം ഇതുപോലെ ഒരുപാട് ഇൻഫോമൽ കൂടിക്കാഴ്‍ചകൾ ഉണ്ടായിട്ടുണ്ട്. 20018ൽ ‘ഒടിയന്റെ’ സെറ്റിൽ വെച്ച് ‘ലൂസിഫറി’ന്റെ ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നിരുന്നു. എന്ന് മുതലാണ് ‘ലൂസിഫർ’ ഔദ്യോഗികമായി തുടങ്ങുന്നത് എന്ന് പറഞ്ഞ്. അത്തരത്തിൽ ‘എമ്പുരാന്റെ’ ആദ്യത്തെ മീറ്റിംഗ് ആണ് ഇത്. എഴുത്ത് കഴിഞ്ഞു. ഷൂട്ടിംഗിന്റെ കാര്യങ്ങളിലേക്ക് നടക്കുന്നു. ആ പ്രൊസസിന്റെ ആദ്യത്തെ കൂടിക്കാഴ്‍ചയാണ്. നിങ്ങളുമായി ഇത് പങ്കുവയ്‍ക്കണമെന്ന് ആഗ്രഹിച്ചു. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്സ്യൽ എന്റർടെയ്‍നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോൾ ആസ്വദിക്കാനായാൽ സന്തോഷം. ‘ലൂസിഫർ’ എന്ന സിനിമയ്‍ക്ക് നിങ്ങൾ നൽകിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് ഞങ്ങൾ കാണുന്നത്. എപ്പോൾ തിയറ്ററിൽ എത്തും എന്നൊന്നും ഇപ്പോൾ പറയാൻ പറ്റുന്ന ഒരു സിനിമയല്ല. വരും ദിവസങ്ങളിൽ സിനിമയുടെ വിശേഷങ്ങൾ അറിയിക്കുമെന്നും എമ്പുരാൻ പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു.