ദോഹ: ലോകകപ്പിന് സൽവ അതിർത്തി വഴി എത്തുന്ന സൗദി ആരാധകർക്ക് രാജ്യത്തേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് പ്രത്യേക പദ്ധതി പരിഗണനയിലെന്ന് ഫിഫ ലോകകപ്പ് ഖത്തർ സി.ഇ.ഒ നാസർ അൽ ഖാതിർ.

സൽവാ അതിർത്തിയിൽനിന്ന് സ്റ്റേഡിയങ്ങളുമായോ മറ്റു സൗകര്യങ്ങളുമായോ ബന്ധിപ്പിക്കുന്നതിന് സൗദി ആരാധകരെ ദോഹ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിക്കാൻ ബസുകൾ പരിഗണിക്കുന്നതായി ഖത്തർ വാർത്ത ഏജൻസിയോട് അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയിൽനിന്നുതന്നെ ഈ ബസുകൾ പുറപ്പെടുകയെന്ന ആശയം പരിഗണനയിലുണ്ടെന്നും ഇത് സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അൽ ഖാതിർ സൂചിപ്പിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള മറ്റ് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഷട്ടിൽ ഫ്ലൈറ്റുകൾ ഉപയോഗിക്കാം. ഖത്തർ എയർവേയ്സുമായും മറ്റു വിമാന കമ്ബനികളുമായും കൂടിയാലോചിച്ചതിന് ശേഷം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. ആരാധകർക്ക് ഹയ്യ കാർഡ് ലഭിക്കുന്നത് സംബന്ധിച്ച്‌ ബോധവത്കരണ കാമ്പയിന് അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. കാർഡിനും താമസ സൗകര്യങ്ങൾക്കും ആവശ്യം ഉയർന്നത് കാമ്പയിനിൻറെ ഫലമാണ് -ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ വിശദീകരിച്ചു.