ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു, 18.30 ലക്ഷം രൂപ മുതൽ

Advertisement

ടൊയോട്ട ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 18.30 ലക്ഷം രൂപയിലാണ്. പെട്രോൾ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില. ജിഎക്സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില. ഇന്ധനക്ഷമത കൂടിയ പെട്രോൾ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 24.01 ലക്ഷം രൂപയിലാണ്. വിഎക്സ് 7 സീറ്റിന് 24.01 ലക്ഷം രൂപയും വിഎക്സ് 8 സീറ്റിന് 24.06 ലക്ഷം രൂപയും ഇസഡ്എക്സിന് 28.33 ലക്ഷം രൂപയും ഇസഡ്എക്സ് ഓപ്ഷനലിന് 28.97 ലക്ഷം രൂപയുമാണ് വില.

ഹൈക്രോസിന്റെ ബുക്കിങ് ടൊയോട്ട നേരത്തേ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഹൈക്രോസിന്റെ ZX, ZX(O) ഉയര്‍ന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ ബുക്കിങ് ലഭിച്ചതെന്നാണ് ടൊയോട്ട പറയുന്നത്. നവംബർ അവസാനമാണ് ‌ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസിന്റെ ആദ്യ പ്രദർശനം ടൊയോട്ട ഇന്ത്യ നടത്തിയത്. നേരത്തേ ഇന്തൊനീഷ്യൻ വിപണിയിൽ പുറത്തിറങ്ങിയ ഇന്നോവ സെനിക്സിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ വാഹനം എത്തിയത്.

ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. എംപിവിക്കാൾ ഏറെ, ക്രോസ് ഓവർ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎൻജി–എ ജിഎ–സി മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമാണം.

നിലവിലെ ഇന്നോവയെക്കാൾ വലുത്

ഇന്നോവ ക്രിസ്റ്റയെക്കാൾ വലുപ്പമുള്ള വാഹനമാണ് ഹൈക്രോസ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീൽബെയ്സിന്റെ കാര്യത്തിൽ 2850 എംഎമ്മൊടെ ക്രിസ്റ്റയെക്കാൾ 100 എംഎം മുന്നിലാണ് ഹൈക്രോസ്. എംപിവിയെക്കാൾ എസ്‍യുവി രൂപഗുണമുള്ള ക്രോസ് ഓവർ ലുക്കാണ്. അപ്റൈറ്റ് പൊസിഷനാണ് ബോണറ്റിന്, ക്രോം ആവരണമുള്ള ട്രപ്പിസോഡൽ ഗ്രിൽ, ഉയർന്ന ഹെഡ്‌ലാംപുകൾ, ബംപറിലേക്ക് ഇറങ്ങിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ തുടങ്ങി ഏറെ സവിശേഷതകൾ മുന്നിൽ നിന്നു ദൃശ്യമാണ്. ഫോഗ്‌ലാംപുകളും എയർഡാമും ചേർത്ത് മനോഹരമായ ബംപർ ഡിസൈനിൽ ടൊയോട്ട ഡിസൈനർമാരുടെ മികവ് പ്രകടമാണ്. സ്പോർട്ടി ലുക്കുള്ള അലോയ് വീലുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് ഹൈക്രോസ്.

ഹൈടെക് ഇന്റീരിയർ

പ്രീമിയം ലുക്കുള്ള ഇന്റീരിയർ. വിവിധ ലെയറുകളായി രൂപപ്പെടുത്തിയ ഡാഷ്ബോർഡ് ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നു. 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. 4.2 ഇഞ്ചാണ് മീറ്റർ കൺസോളിലെ മൾട്ടി ഇൻഫർമേഷൻ സിസ്റ്റം. മികച്ച യാത്രാസുഖം നൽകുന്ന സീറ്റുകൾ. രാജ്യാന്തര വിപണിയിലെ വോക്സി എംപിവിയുടെ സ്റ്റിയറിങ് കോളവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി അടുത്ത സാമ്യം ഹൈക്രോസിനുണ്ട്. പല സോണുകളാക്കിയ ക്ലൈമറ്റ് കൺട്രോൾ, ടച്ച് സെൻസിറ്റീവ് എച്ച്‌വിഎസി കൺട്രോൾ തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുടെ സങ്കലനവുമുണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, തുടങ്ങിയ വിദ്യകളും ഇന്ത്യൻ മോഡലിൽ പ്രതീക്ഷിക്കാം.

ടെക്കും സുരക്ഷയും

പാഡിൽ ഷിഫ്റ്റ്, കണക്റ്റഡ് കാർ ടെക്, വെന്റിലേറ്റഡ് സീറ്റ്, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 തുടങ്ങിയവയുമായാണ് ഹൈക്രോസിന്റെ വരവ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ്, എമർജെൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവ അടങ്ങിയതാണ് ഈ സാങ്കേതിക വിദ്യ. കൂടാതെ 6 എയർബാഗുകൾ, മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും. ഏഴ്, എട്ട് സീറ്റ് ലേ ഔട്ടുകളിൽ പുതിയ വാഹനം ലഭിക്കും.

ഡീസൽ ഇല്ല, പകരം ഹൈബ്രിഡ്

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് പുതിയ വാഹനത്തിന്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ. ഹൈബ്രിഡ് പതിപ്പിന് ലീറ്ററിന് 21.1 കിലോമീറ്റർ മൈലേജ്. ഒരു ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ 1097 കിലോമീറ്റർ സഞ്ചരിക്കാമെന്നും ടൊയോട്ട പറയുന്നു. ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക് ഉപയോഗിക്കുന്ന എൻജിന്റെ മാത്രം കരുത്ത് 152 ബിഎച്ച്പിയും ടോർക്ക് 187 എൻഎമ്മുമാണ്. ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 ബിഎച്ച്പി കരുത്തുണ്ട്.

1987 സിസി എൻജിനാണ് പെട്രോൾ ഇന്നോവയ്ക്ക് കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പിൽ മാത്രമേ രണ്ട് എൻജിനുകളും ലഭിക്കൂ. ലാഡർ ഫ്രെയിം ഷാസിക്ക് പകരം മോണോകോക്കിലാണ് പുതിയ വാഹനം നിർമിക്കുന്നത്. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജിഎ–സി പ്ലാറ്റ്ഫോമിലാണ്

Advertisement