പല ഐഫോണുകളുടേയും വില പകുതിയാവും! പക്ഷേ ഐഒഎസ് 17 കിട്ടില്ല

പുതിയ ഫീച്ചറുകളുമായി ഐഒഎസ് 17 സെപ്തംബറിൽ പുറത്തിറങ്ങാനിരിക്കെ പല ഐഫോണുകളുടേയും വില പകുതിയാവും. നിങ്ങളുടെ കൈവശം പഴയ മോഡൽ ഐഫോണാണ് ഉള്ളതെങ്കിൽ എത്രയും വേഗം പുതിയ മോഡലിലേക്കു മാറുകയാണെന്ന നിർദേശം ആപ്പിളും നൽകി കഴിഞ്ഞു. 2017ൽ പുറത്തിറങ്ങിയ ഐഫോൺ 8നും ഐഫോൺ എക്‌സിനും അതിനു മുൻപ് ഇറങ്ങിയ ഐഫോണുകളിലും ഐഒഎസ് 17 ലഭ്യമാവില്ലെന്നാണ് വിവരം.

കഴിഞ്ഞ വർഷം ഐഒഎസ് 16 പുറത്തിറങ്ങിയപ്പോൾ ഐഫോൺ 7 പ്ലസിന്റെ വില 138 ഡോളറിൽ നിന്നും 80 ഡോളറിലേക്കും ഐഫോൺ 6എസിന്റെ വില 94 ഡോളറിൽ നിന്നും 47 ഡോളറിലേക്കുമാണ് കുത്തനെ കുറഞ്ഞത്. ആപ്പിളിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഐഫോൺ X 2017ൽ 999 ഡോളറിനാണ് കമ്പനി പുറത്തിറക്കിയിരുന്നത്. ഒപ്പം പുറത്തിറക്കിയ ഐഫോൺ 8നേക്കാളും നിരവധി കൂടുതൽ സൗകര്യങ്ങൾ ഐഫോൺ എക്‌സിലുണ്ടായിരുന്നു.

മുന്നിലും പിന്നിലും ചില്ല്, സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച വശങ്ങൾ, എഡ്ജ്‌ലെസ് ഡിസ്‌പ്ലേ, ആപ്പിളിന്റെ ആദ്യ ഒഎൽഇഡി ഡിസ്‌പ്ലേയായ സൂപ്പർ റെറ്റിന ഡിസ്‌പ്ലേ എന്നിങ്ങനെ പല ഫീച്ചറുകളും ഐഫോൺ Xനുണ്ടായിരുന്നു. എന്നിട്ടു പോലും ഐഫോൺ 8 സൂപ്പർഹിറ്റാവുകയും ചെയ്തു. 8.63 കോടി ഐഫോൺ 8 ഫോണുകളാണ് ആപ്പിൾ വിറ്റത്. ഇത് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്‌മോർട്ട് ഫോൺ മോഡലെന്ന പെരുമയും ഐഫോൺ 8ന് സമ്മാനിച്ചു. പുതിയ മോഡലുകളെത്തിയതോടെ 2020 ഫെബ്രുവരിയിലാണ് ഐഫോൺ Xന്റേയും ഐഫോൺ 8ന്റേയും വിൽപന ആപ്പിൾ അവസാനിപ്പിക്കുകയും ചെയ്തു.

സെൽസെല്ലിന്റെ റിപോർടിലാണ് ഐഫോൺ മോഡലുകളുടെ വില 50 ശതമാനം കുറയുമെന്നു പറയുന്നത്. ഐഒഎസ് 17 ലഭ്യമാവില്ലെന്ന് ആപ്പിൾ അറിയിച്ചതോടെ സുരക്ഷാ അപ്‌ഡേറ്റുകൾ ഐഫോൺ Xനും ഐഫോൺ 8നും ലഭിക്കില്ല. ഇതോടെ ഈ ഫോണുകൾ ഉപയോഗിക്കുന്നവരുടെ സൈബർ സുരക്ഷയും അപകടത്തിലാവും. അതുകൊണ്ടാണ് ഈ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവർ പുതിയ മോഡലുകളിലേക്ക് മാറണമെന്ന് ആപ്പിൾ നിർദേശിക്കുന്നത്.

ഐഒഎസ് 17 ലഭിക്കുന്ന ഏറ്റവും പഴക്കമുള്ള മോഡലുകൾ ഐഫോൺ XS, XS Max, XR എന്നീ മോഡലുകളാണ്. ഉയർന്ന സുരക്ഷാ ഫീച്ചറുകളും ഫോൺ കൂടുതൽ എളുപ്പം ഉപയോഗിക്കാവുന്ന സൗകര്യങ്ങളും പുതിയ ഒ.എസിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാർജ് ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്റ്റാൻഡ്‌ബൈ മോഡും എളുപ്പം കോൺടാക്ടുകൾ പങ്കുവെക്കാവുന്ന നെയിം ഡ്രോപും നിങ്ങളുടെ ഇമോജിയോ ചിത്രമോ വിളിക്കുന്നവരുടെ ഡിസ്‌പ്ലേയിൽ തെളിയുന്ന സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തിയ ഓട്ടോ കറക്ടും പുതിയ ഒ.എസിലുണ്ടാവും.

Advertisement